Monday, February 12, 2007

മാതൃഭൂമി തമസ്കരിക്കുന്നത്

ഈയിടെയായി കേരളദിനപത്രങ്ങള്‍ രണ്ട് ചേരികളിലായി നിലയുറപ്പിച്ചിരിക്കുന്നു. വി.എസ് അനുകൂലവും സി.പി.എം ഔദ്യോഗിക പക്ഷ അനുകൂലവും. വ്യക്തമായ പ്രത്യയശാസ്ത്ര വീക്ഷണമില്ലാതെയുള്ള ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ഈ ധ്രുവീകരണം പാര്‍ട്ടിയെ സഹായിക്കാനാണോ എന്നത് സംശയാസ്പദം തന്നെ. എന്നാല്‍ ഇക്കൂട്ടത്തില്‍ പരസ്യമായി വി.എസ്. പക്ഷം പിടിക്കുന്ന മാതൃഭൂമി എന്ന ദിനപത്രം മുന്നോട്ട് വെക്കുന്ന വാര്‍ത്താതമസ്കരണം എന്ന വിപത്തിനെക്കുറിച്ചാണ് ഈ കുറിപ്പ്. ഏകദേശം 11 ലക്ഷം സര്‍ക്കുലേഷനുള്ള, കേരളത്തിലെ രണ്ടാമത്തെ വലിയ പത്രം ഒരു വാര്‍ത്ത കൊടുത്തില്ലെങ്കില്‍ അത് പലരുടെയും ശ്രദ്ധയില്‍ പെടുകയില്ല എന്നത് സത്യമാണ്. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വ്യക്തികളോടോ ആശയങ്ങളോടോ പ്രതിബദ്ധതയാവാം. അതു വാര്‍ത്തയിലും എഡിറ്റോറിയലിലും പ്രതിഫലിക്കുകയുമാവാം. എന്നാല്‍ മറ്റ് പത്രങ്ങള്‍ക്ക് പ്രധാന വാര്‍ത്തയാകുന്നത് പലതും മാതൃഭൂമിയില്‍ അപ്രത്യക്ഷമാകുമ്പോള്‍ വാര്‍ത്താതമസ്കരണത്തിന് മാധ്യമങ്ങള്‍ക്കവകാശമുണ്ടോ എന്ന നൈതിക പ്രശ്നം പ്രത്യക്ഷമാകുന്നു.

ഉദാഹരണത്തിന് ഇന്നത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും പിണറായി വിജയനുമായി ഒരു പത്രം നടത്തിയ അഭിമുഖം നിറഞ്ഞു നില്‍ക്കുന്നു. അതില്‍ വി.എസി.ന്റെ മകന്റെ ശബരിമല പര്യടനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ മാത്രുഭുമിക്ക് മാത്രം അത് വാര്‍ത്തയേയല്ല. അല്പം മുന്‍പ് കോടിയേരിയുടെ കുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തി എന്ന് വെണ്ടക്കാ അച്ച് നിരത്തിയ ഈ പത്രം, അങ്ങനെയുണ്ടായിട്ടില്ലെന്ന് കോടിയേരി ശക്തമായി നിഷേധിക്കുകയും, നടത്തിയ ആള്‍ തന്നെ രംഗത്ത് വരികയും ചെയ്തപ്പോള്‍ ഒരു തിരുത്തു പോലും കൊടുക്കാതെ തടി തപ്പുകയായിരുന്നു. ഇപ്പോള്‍ ചില പത്രക്കാര്‍ കോടിയേരിയുടെ ഭാര്യയുടെ പേരുള്ള ആരെങ്കിലും ഏറ്റെങ്കിലും ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ എന്ന് തപ്പി നോക്കുകയാണ്. ഇതാണോ പത്ര പ്രവര്‍ത്തനം. വി.എസിന്റെ മകള്‍ക്ക് രാജീവ് ഗാന്ധി സെന്ററില്‍ ജോലി ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദവും ഈ പത്രം പ്രസിദ്ധീകരിച്ചില്ല. എത്‌നോ ഫാര്‍മക്കോളജി എന്ന മാനവീയ വിഷയത്തിലുള്ള ഡോക്റ്ററേറ്റ് ബയോ റ്റെക്നോളജിയുമായി ബന്ധമില്ലാത്തതാണെന്ന് ഈ പത്രക്കാര്‍ക്കറിയില്ലെങ്കിലും ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈയുള്ളവനറിയാം. ഏറി വന്നാല്‍ മരുന്നു ഗവേഷണത്തിന്റെ മാനുഷീക വശങ്ങളെക്കുറിച്ച് പഠനം നടത്താനേ ഇവര്‍ക്കു കഴിയൂ. ബയോ റ്റെക്നോളജി ഇന്‍സ്റ്റിറ്റ്യ്യൂട്ടിന് ഇത് ആവശ്യമുണ്ടാകാം. എന്നാല്‍ ഇതൊരു കോര്‍ റിസര്‍ച്ച് ഏരിയ അല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും. ഏറ്റവുമൊടുവില്‍ വി.എസ് അഴിമതിയാരോപണമുയര്‍ന്ന ചീഫ് ജസ്റ്റീസിന്റെ നിയമനത്തെ പിന്താങ്ങിയ കാര്യവും ഈ പത്രം തമസ്കരിച്ചു.

ഈയിടെ നടന്ന കോടതി അഴിമതി വിവാദത്തില്‍ സ്വന്തം തടി കേടാക്കാതിരിക്കാനായി മാധ്യമങ്ങള്‍ മൌനം പാലിച്ചു. ഫലം, ജനത്തിന്റെ അവിശ്വാസം തുറന്ന് പറഞ്ഞ പാലൊളി രക്തസാക്ഷിയായി. മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മക്കളെ കേരളത്തില്‍പ്പോലും വരാനനുവദിക്കാത്ത, കേരളത്തില്‍ പഞ്ചായത്തുകള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, അഴിമതി പുരളാത്ത പാലൊളി എന്ന മന്ത്രിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുവാനുള്ള യോഗ്യത ഈ പത്രങ്ങള്‍ക്കില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കലാണ് തമസ്കരിക്കലല്ല പത്ര ധര്‍മ്മമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ്. വാര്‍ത്തകള്‍ക്ക് പക്ഷമുണ്ടാകാം. എന്നാല്‍ ആ പക്ഷം ശ്രദ്ധേയമാകുന്നത് മറുപക്ഷത്തിന് പറയാനുള്ളത് കൂടി പ്രസിദ്ധീകരിക്കുമ്പോഴാണ്. വാര്‍ത്തകള്‍ തമസ്കരിക്കുന്നത് വഴി മാതൃഭൂമി സ്വന്തം വിശ്വാസ്യതയുടെ കടക്കല്‍ തന്നെയാണ് കത്തി വക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.

6 പിന്മൊഴികള്‍:

Blogger paarppidam പറഞ്ഞു...

താങ്കളുടെ പോസ്റ്റ്‌ അവസരോചിതമായി. മാധ്യമരംഗത്ത്‌ ഇന്ന് ഒരുതരം പക്ഷപാതിത്വം നിഴലിക്കുന്നുണ്ടെന്ന് വ്യക്തമാകുന്നു. വി.എസ്സിനെ സംബന്ധിച്ചേടത്തോളം ജനങ്ങളോട്‌ പ്രതിബദ്ധതയുള്ള ഒരു നേതാവാണെന്നതില്‍ കവിഞ്ഞ്‌ ഒത്തിരി പരിമിതികളും ഉള്ള ആളാണെന്ന കാര്യം നാം മറന്നുകൂട.അദ്ദേഹത്തിനു അനുവദിച്ചിട്ടുള്ള വകുപ്പുകള്‍ വളരെ പരിമിതം മുഖ്യമന്ത്രിയെന്ന നിലയില്‍ മറ്റു വകുപ്പുകളില്‍ ഇടപെടാമെങ്കിലും ഇടപെട്ടപ്പോഴൊക്കെ അതു പോളിറ്റ്ബ്യൂറോയുടെ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാകുകയും താക്കീതിനു വിധേയനാവുകയും ചെയ്തത്‌ നാം കണ്ടതാണ്‌.പാര്‍ട്ടിയുടെ ശക്തമായ നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടുന്ന വി.എസ്സ്‌. മന്ത്രിസഭയുടെ ഭരണം ജനങ്ങള്‍ പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇന്ന് കേരളത്തില്‍ സ്വീകാര്യന്‍ വിയസ്സുതന്നെയാണ്‌.


പാട്ടിയില്‍ ചേരിതിരിവും അതിന്റേതായ പ്രശ്നങ്ങളും അതുമൂലം ഭരണസ്തംഭനവും ഒരു സത്യമാണ്‌. അതിനെ മാധ്യമങ്ങള്‍ പക്ഷം ചേര്‍ന്ന് വാര്‍ത്തയാക്കുന്നത്‌ ശരിയല്ല. ഭൂരിപക്ഷം മാധ്യമങ്ങളും എന്തുകൊണ്ട്‌ വി.എസ്സിനെ അനുകൂലിക്കുന്നു എന്നത്‌ ചിന്തിക്കേണ്ടത്‌ മറുപക്ഷമാണ്‌.
"പാര്‍ട്ടിക്ക്‌ പ്രധാനം പിണറായിയാണ്‌(സെക്രട്ടറിയാണ്‌) മുഖ്യമന്ത്രിസ്ഥാനം മണ്ണാം കട്ടയാണെന്ന" മന്ത്രി സുധാകരന്റെ പ്രസ്ഥാവനകഴിഞ്ഞ ദിവസം കണ്ടിരുന്നു.ഇവിടെ മന്ത്രി സ്മരിക്കെണ്ട ഒരു കാര്യം പിണറായിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല മുഖ്യമന്ത്രിയെ ജനങ്ങള്‍ തിരഞ്ഞെടുത്തതും ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ ഭരണം നടത്തുന്ന ആളുമാണ്‌ വി എസ്സ്‌. പാര്‍ട്ടിസെക്രട്ടറി പാര്‍ട്ടിക്കാര്‍ക്ക്‌ വലിയവന്‍ പക്ഷെ ജനങ്ങള്‍ക്ക്‌ വലുത്‌ മുഖ്യമന്ത്രിതന്നെയാണ്‌. ഇതു മന്ത്രിയെ ഓര്‍മ്മിപ്പിക്കേണ്ടത്‌ ഇവിടുത്തെ മാധ്യമങ്ങളാണ്‌. അതവരുടെ സാമൂഹിക ഉത്തവാദിത്വമാണ്‌.


മാതൃഭൂമിയെസംബന്ധിച്ചേടാത്തോളം അതിന്റെ പഴയ ചെരിചേരാനയം നഷ്ടമായെന്ന് തോന്നുന്നു. മലയാളത്തിലെ പ്രമുഖപത്രങ്ങളില്‍ ചിലതു പണ്ടുമുതലേ അവരുടെ ചില താല്‍പര്യങ്ങള്‍ക്ക്‌ മുന്തൂക്കം നല്‍കിവരുന്നുണ്ടെന്നത സത്യമാണ്‌.
ഒരു പക്ഷെ പത്രം എന്ന സിനിമയില്‍ ചിലകാര്യങ്ങള്‍ സുരേഷ്ഗോപി വിളിച്ചുപറയുന്നത്‌ ഓര്‍മ്മവരുന്നു.

12:18 AM  
Blogger aniyans പറഞ്ഞു...

ദീപിക എന്ന പത്രത്തെ ഒരു ദിവസമെങ്കിലും വായിക്കനുള്ള സന്മനസ്‌ കാണിക്കൂ. തമസ്കരണത്തെക്കാള്‍ വലിയൊരു അപകടം കാണാം അവിടെ. വളച്ചൊടിക്കല്‍. പത്രങ്ങളെയെല്ലാം ബാധിച്ചുകഴിഞ്ഞ താല്‍പര്യങ്ങള്‍ എന്ന ദുര്‍വിധി മാതൃഭൂമിയെയും ബാധിച്ചു എന്ന് മനസ്സിലാക്കിയാല്‍ മതി.

12:32 AM  
Blogger സുരലോഗം || suralogam പറഞ്ഞു...

വിയെസ്സിനെതിരെ കാര്യമായ ആരോപണങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് എന്തു തമസ്ക്കരിക്കാന്‍? പിണറായിയും കൂട്ടരും അനാവശ്യമായും അസ്ഥാനത്തും പ്രതികരിച്ച് കുഴപ്പത്തില്‍ ചാടുന്നതാണ്. പുമൂടല്‍ വിവാദത്തില്‍ കോടിയേരി over-react ചെയ്തതാണ് സംഗതി വഷളാക്കിയത്. സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ പിണറായി പരസ്യമായി വിമര്‍ശിച്ചുവെങ്കില്‍ അത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് സമാനമാണ്.

പാര്‍പ്പിടം പറഞ്ഞകാര്യങ്ങള്‍ പ്രസക്തമാണ്.

1:00 AM  
Blogger കിരണ്‍ തോമസ് പറഞ്ഞു...

കേരളീയന്‍ വളരെ നിര്‍ണ്ണായകമായ ഒരു പോസ്റ്റാണിത്‌.VS നെ പുകഴ്താനും ഔദോഗിക പക്ഷത്തെ ഇകഴ്താനുമാണ്‌ മാതൃഭൂമി ഇപ്പോള്‍ പേജുകള്‍ ഉപയോഗിക്കുന്നത്‌.

പിണറായി പക്ഷത്തെ ഏതു നേതാവിനെതിരേയും കിട്ടുന്ന എന്താരോപണവും മുഖ്യവാര്‍ത്തയായി നല്‍കുക എന്നതും VS വിരുദ്ധ വാര്‍ത്ത ഒഴിവക്കുക VS ന്റെ പിഴവുകള്‍ പിണറായി പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടാണേന്ന് വരുത്തി തീര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്‌.VS ന്റെ മകന്‍ ശബരി മലയില്‍ പോയത്‌ പിണറായി പക്ഷം പറഞ്ഞിട്ടല്ലാത്തതിനാല്‍ അത്‌ തമസ്കരിക്കുകയാണ്‌ നല്ലതെന്ന് തോന്നിക്കാണും.

ഇനി പാലോളിയുടെ കാര്യം. പാലോളി മുഹമ്മദ്‌ കുട്ടിയേക്കാള്‍ കറകളഞ്ഞ നേതാവ്‌ ഇന്ന് പാര്‍ട്ടിയിലില്ല എന്നതാണ്‌ സത്യം. അദ്ദേഹം പിണറായി പക്ഷത്താണെന്ന ഒറ്റക്കാരണത്താലാണ്‌ ഇന്ന് വേട്ടയാടപ്പെടുന്നത്‌. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത പാളോളി ഏതു വിഷയത്തിലും കാണിക്കുന്ന സത്യസന്ധത ഒരു മാധ്യമത്തിന്റെയും കണ്ണില്‍പ്പെട്ടില്ല. ചില ഉദാഹരണങ്ങള്‍ നോക്കാം

VS അച്ചുതാനന്ദന്റെ മകന്‍ MCA കഴിഞ്ഞ ഉടനേ കയര്‍ ഫെഡിന്റെ MD ആകുകയായിരുന്നു. അതിന്‌ മുന്‍പ്‌ കയര്‍ ഫെഡിന്റെ MD T.J. ആഞ്ചലോസായിരുന്നു. പാര്‍ട്ടിയില്‍ നിന്നും ആഞ്ചലോസ്‌ പുറത്തായപ്പോളാണ്‌ അച്ചുതാന്തന്റെ മകന്‍ MD ആയത്‌. പാലോളി മുഹമ്മദ്‌ കുട്ടി MLA യും മന്ത്രിയുമൊക്കെയായിരുന്നു എന്നാല്‍ തന്റെ മക്കളേയൊന്നും ഈ രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. മാത്രവുമല്ല മക്കള്‍ ഗള്‍ഫില്‍ ജോലി അന്വേഷിച്ച്‌ പോയതിന്റെ കട ബാധ്യത തീര്‍ക്കാന്‍ സ്വന്തം കിടപ്പാടം വില്‍ക്കേണ്ടി വന്നു പാലോളിക്ക്‌.

ഇനി ADB വിവാദം . ADB യുടെ MOU വില്‍ സംസ്ഥാനം ഒപ്പു വച്ചത്‌ VS അറിഞ്ഞില്ല എന്ന വാര്‍ത്ത. അതിന്‌ പാര്‍ട്ടി VS ന്റെ ശാസിച്ചപ്പോള്‍ എന്താണ്‌ VS ചെയ്തത്‌, അത്‌ ഉദ്യോഗസ്തന്റെ തലായില്‍ കെട്ടിവച്ചു. എന്നാല്‍ പാലോളി ആ ഉത്തരവാദിത്വം സ്വയം ഏറ്റു തന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ആ ഉദ്ദ്യോഗസ്ഥന്‍ കരാര്‍ ഒപ്പു വച്ചതെന്ന് അദ്ദേഹം പരസ്യമായി മന്ത്രി സഭാ യോഗത്തില്‍ പറയുകയും അദ്ദേഹത്തിനെതിരെയുള്ള നടപടി തടയുകയും ചെയ്തു. ഇതിന്‌ അദ്ദേഹം നല്‍കിയ വിശദീകരണവും ശ്രദ്ദേയമാണ്‌. അന്ന് MOU ഒപ്പു വച്ചില്ലെങ്കില്‍ ഈ പദ്ധതി നഷ്ടമാകും എന്നതിനാലും, അന്തിമ കരാര്‍ ഒപ്പു വയ്ക്കാന്‍ മാര്‍ച്ച്‌ 15 വരെ സമയമുള്ളതിനാലുമാണ്‌ അദ്ദേഹം അത്‌ ചെയ്തത്‌ . മാത്രമല്ല ഡിസംബര്‍ 8 ന്‌ ഒപ്പു വയ്ക്കേണ്ട MOU വിനെപ്പറ്റിയുള്ള ഫയല്‍ ദൂതന്‍ മുഖേന മുഖ്യമന്ത്രിയുടെ അടുത്തെത്തിക്കുകയും എന്നാല്‍ മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ കാര്യങ്ങളുടെ ഗൌരവം സെക്രട്ടറിയേ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഫയല്‍ മുഖ്യമന്ത്രി കണ്ടെന്നും പ്രഭാത്‌ പട്നായിക്കിന്റെ അടുത്ത്‌ പഠിക്കാല്‍ ഏല്‍പ്പിച്ചിരുന്നു എന്നാണ്‌ VS പറഞ്ഞത്‌. എന്നാല്‍ 8ആം തിയതി ഒപ്പു വയ്ക്കേണ്ട MOU നെപ്പറ്റി VS പ്രതികരിക്കാതിരുന്നപ്പോള്‍ പാലോളി അതില്‍ ഒപ്പു വയ്ക്കുകയായിരുന്നു. ഇനി ഇതില്‍ അദ്ദേഹം ഒപ്പു വയ്ക്കാന്‍ ചില കാരണങ്ങള്‍ക്കൂടിയുണ്ട്‌.

1- 2005 നവംബറില്‍ കേരളത്തിലെ ഇടതുപക്ഷം ഭരിക്കുന്ന കോര്‍പ്പറേഷനുകളോട്‌ ADB വായ്പയുടെ പുതിക്കയ നിബന്ധനകള്‍ അംഗീകരിച്ച്‌ വായ്പ വാങ്ങാന്‍ CPM സംസ്ഥാന സെക്രട്ടിയേറ്റ്‌ അനുമതി നല്‍കിയിരുന്നു. ആ യോഗത്തില്‍ VS പങ്കെടുത്തിരുന്നു.

2- ഡിസംബര്‍ 8 ന്‌ കരാര്‍ ഒപ്പു വയ്കാതിരുന്നാല്‍ പദ്ധതി നഷ്ടമാകും എന്നതും, അതിന്റെപേരിലുള്ള പേരുദോഷം ( പ്രത്യേയശാസ്ത്രം പ്രചരിപ്പിക്കാന്‍ വേണ്ടി കിട്ടിയ പദ്ധതി നഷ്ട്പ്പെടുത്തി എന്ന പഴി) മന്ത്രിയും സര്‍ക്കാരും കേള്‍ക്കെണ്ടി വരും എന്നതും അദ്ദേഹത്തെ ഇതിന്‌ നിര്‍ബദ്ധിതമാക്കി.

ഇനി മാതൃഭൂമിയും മറ്റ്‌ പത്രങ്ങളും കൊണ്ടാടിയ വ്യാജ CD വിവാദം.VS അഴിച്ചു വിട്ട ഋഷിരാജ്‌ സിംഗ്‌ ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയപോലേ കേരളത്തിലെ വീഡിയോ ലൈബ്രറികള്‍ കയറി ഇറങ്ങി അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ എല്ലാം വ്യാജം ,എല്ലാം ചാക്കില്‍ കെട്ടി കൊണ്ടു പോയി. അവസാനം ഒരു പുതിയ നിയമവും CD വാടകക്ക്‌ കൊടുക്കാന്‍ പാടില്ല. അവസാനം കോടതി വേന്റി വന്നു ഋഷിരാജിനെത്തടയാന്‍. ഇതൊന്നും മാതൃഭുമിയില്‍ വാര്‍ത്തായേ അല്ല. ഇതെങ്ങാനും കോടിയേരി പറഞ്ഞിട്ടയിരുന്നെങ്കിലോ .

1:59 AM  
Blogger Siju | സിജു പറഞ്ഞു...

വളരെ ശ്രദ്ധേയമായൊരു പോസ്റ്റാണിത്.
മാതൃഭൂമി വി എസിനെ ആവശ്യത്തിലധികം ഉയര്‍ത്തിക്കാട്ടുന്നില്ലേയെന്നു നേരത്തെ തന്നെ തോന്നിയിരുന്നു. അതെന്റെ മാത്രം തോന്നലല്ലെന്നു ഇപ്പോള്‍ മനസ്സിലായി. മനോരമയും ദീപികയും ഏതാണ്ട് ഇതേ പാതയില്‍ തന്നെയാണ്.

ബൂര്‍ഷ്വാ പത്രങ്ങളുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെ :-)

2:30 AM  
Blogger കിരണ്‍ തോമസ് പറഞ്ഞു...

ഇനി പിണറായി വിജയനെപ്പറ്റി

പിണറായി വിജയനെതിരെ ഉള്ള ഒരേ ഒരു ആരോപണം ലവ്‌ലിന്‍ കേസ്‌ മാത്രമാണ്‌, ഇനി അതിന്റെ ചരിത്രം പരിശോധിക്കാം

പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്‌ ഈ കരാര്‍ ഒപ്പു വച്ചതെന്നത്‌ മാത്രമാണ്‌ ആരോപണം . അത്‌ നടപ്പിലാക്കിയതോ പണം കൊടുത്തതോ ഒന്നും അദ്ദേഹമല്ല. പിണരായി വിജയന്‍ അന്ന് ഇന്നത്തെപ്പൊലെ പാര്‍ട്ടിയിലെ സര്‍വ്വസൈനാധിപനല്ല. നയനാരും ചടയന്‍ ഗോവിന്ദനും VS ഒക്കെ കഴിഞ്ഞേ പിണരായി ചിത്രത്തിലൊള്ളൂ. പാര്‍ട്ടി അറിയാതെ അല്ലെങ്കില്‍ മുഖ്യമന്ത്രി പോലും അറിയാതെ പിണറായി വിജയന്‍ ഒരു കരാറില്‍ ഏര്‍പ്പെടുമെന്ന് കരുതാന്‍ വയ്യ. കാരണം ക്യാനഡയില്‍ പിണറായിക്കൊപ്പം നയനാരും ഉണ്ടായിരുന്നു. ഇനി നയനാരുടെ കണ്ണു വെട്ടിച്ച്‌ അല്ലെങ്കില്‍ പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ ഒരു കരാര്‍ പിണറായി ഒപ്പു വച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസം . ഇനി അന്ന് പിണറായുടെ നേതാവ്‌ സഖാവ്‌ VS ആയിരുന്നു എന്നതും മറക്കരുത്‌. വൈദ്യുതി മന്ത്രി സ്ഥാനം രാജി വച്ച്‌ പാര്‍ട്ടി സെക്രട്ടരിയാത്‌ VS ന്റെ നോമിനി ആയാണ്‌. ഇനി നിര്‍ദ്ദിഷ്ട ക്യാന്‍സര്‍ സെന്റര്‍ പിണറായുടെ മണ്ഡലമായ പയ്യന്നൂരില്‍ ആയിരുന്നില്ല മറിച്ച്‌ നയനാരുടെ തലശ്ശേരിയിലായിരുന്നു. അപ്പോള്‍ ഇതൊന്നും പിണറായി ഒറ്റക്കു ചെയ്തതല്ല മരിച്ച്‌ പാര്‍ട്ടിയും ഉന്നത നേതാക്കന്മാരും അറിഞ്ഞാണ്‌. പിന്നെ വിജലന്‍സ്‌ അന്വേഷണത്തില്‍ പിണറായിക്കെതിരെ തെളിവില്ലാത്തതിനാല്‍ ഉമ്മന്‍ ചാന്റി CBI അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ പ്രകശ്‌ കാരാട്ടു തന്നേ ഇത്‌ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞിട്ടുണ്ട്‌. ഇതില്‍ നിന്ന് വ്യക്തമാകുന്നത്‌ 2 സാധ്യതയാണ്‌ ഇതിലുള്ളത്‌.

1- ഏത്‌ കരാറിലും കമ്മിഷന്‍ ഉണ്ട്‌ എന്നത്‌ ഒരു നഗ്ന സത്യമാണ്‌. ഇതില്‍ കമ്മീഷന്‍ സ്വന്തം കീശയിലാക്കാതെ ക്യാന്‍സര്‍ ആശുപത്രിയായി

2- പാര്‍ട്ടി അറിഞ്ഞുകൊണ്ട്‌ ലവ്‌ലിന്‌ അനുകുലമായി പ്രവര്‍ത്തിച്ചു.

എന്നാല്‍ പിണറായി എന്തോ ഒറ്റക്ക്‌ ചെയ്തു എന്ന രീതിയിലാണ്‌ മാധ്യമങ്ങള്‍ ഈ വാര്‍ത്ത്‌ കൈകാര്യം ചെയ്യുന്നത്‌. എത്ര നാള്‍ ലവ്‌ലിന്റെ പുകമറ സൃഷ്ടിക്കാമോ അത്രയും നാള്‍ പിണറായേ വേട്ടയാടാന്‍ കഴിയും എന്നതാണ്‌ ഇതിലെ സത്യം.

2:43 AM  

Post a Comment

ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍:

Create a Link

<< Home