Sunday, February 18, 2007

കേരളപഠനം - ഒരാമുഖം

ശാസ്ത്രസാഹിത്യ പരിഷത്ത് എന്ത് ചെയ്യുകയാണെന്ന് അടുത്തിടെ ഒരു ബൂലോകന്‍ ചോദിക്കുകയുണ്ടായി. ആദിവാസി പ്രശ്നം തൊട്ട് കോള പ്രശ്നം വരെ പരിഷത്ത് ഇടപെടുന്നില്ല എന്നതാണ് പരാതി. അതേ സമയം സോളിഡാരിറ്റി മുതല്‍ നക്സല്‍ പ്രസ്ഥാനം വരെ സജീവമായി ഇടപെടുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും പോയി ഇടപെടുക എന്നത് ഒരു ശാസ്ത്രപ്രസ്ഥാനത്തിന്റെ കര്‍ത്തവ്യമാണോ എന്നത് അവിടെ നില്‍ക്കട്ടെ. പരിഷത്തിന്റെ പരിമിതമായ ശക്തിയും,സംഘടനയും എന്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നത് അവര്‍ തന്നെ എടുക്കേന്ട തീരുമാനമാണ്. ഈ പ്രചാരണം വ്യാപകമായ മറ്റൊരു അഭിപ്രായ നിര്‍മ്മാണ ജോലിയുടെ മാറ്റൊലിയായേ തോന്നുന്നുള്ളൂ. കേരള രാഷ്ട്രീയത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട ചില ഫ്രിഞ്ജ് ഗ്രൂപ്പുകള്‍ എല്‍.ഡി.എഫിന്റെ അജന്‍ഡ നിര്‍ണ്ണയിക്കാന്‍ ചില മാധ്യമ ശക്തികളുടെ സഹായത്തോട് കൂടി ശ്രമിക്കുന്നതായി കാണാം. അങ്ങനെ അജിതയും, സി.ആര്‍.നീലകണ്ഠനും, സോളിഡാരിറ്റിയുമെല്ലാം മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളും പ്രോഗ്രാമും ഏറ്റെടുത്താല്‍ മാത്രമേ എല്‍.ഡി.എഫ് പുരോഗമനാത്മകമാകൂ എന്ന് പ്രചരിപ്പിക്കപ്പെടുന്നു. അതിനെ എതിര്‍ക്കുന്നത് വലതുപക്ഷ വാദമായി ചിത്രീകരിക്കപ്പെടുന്നു. സി.പി.ഐ പോലുള്ള ചെറു കക്ഷികളും, സി.പി.എമ്മില്‍ തന്നെയുള്ള ഒരു ചെറിയ വിഭാഗവും ഈ കെണിയില്‍ പെട്ടിട്ടുണ്ടാകാം. എന്നാല്‍ സി.പി.എമ്മും എല്‍.ഡി.എഫും നക്സലുകള്‍ക്കും,തീവ്ര വിമോചന പരിസ്ഥിതി വാദികള്‍ക്കും എന്നാണ് പുരോഗമനാത്മകമായിരുന്നിട്ടുള്ളത്? എല്‍.ഡി.എഫ് എക്കാലവും കേരള മധ്യ വര്‍ഗ്ഗ താത്പര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് ആവര്‍ത്തിച്ചു വാദിച്ചു പോന്നത് ഇവര്‍ തന്നെയല്ലേ?. എന്നാല്‍ ദരിദ്ര ജന വിഭാഗമടക്കം ഇവരെ പുറന്തള്ളിയപ്പോള്‍ ഇതേ മൂരാച്ചി സി.പി.എമ്മിനെക്കൊണ്ട് തന്നെ തങ്ങളുടെ അജന്‍ഡ ഏറ്റെടുപ്പിച്ച് പ്രോക്സി ഭരണം നടത്താമെന്ന് ഇവരെ വ്യാമോഹിപ്പിക്കുന്നതാരാണ്?

അതവിടെ നില്‍ക്കട്ടെ. പരിഷത്ത് അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിച്ചത്.കേരള ജന ജീവിതത്തിന്റെ സമസ്ത മേഖലകളെയും അടയാളപ്പെടുത്തുന്ന “കേരള പഠനം” എന്ന സമഗ്ര സര്‍വ്വെ. “കേരള പഠനം - കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?” എന്ന പേരില്‍ ഈ പഠനം ഇപ്പോള്‍ പുസ്തക രൂപത്തില്‍ ലഭ്യമായിട്ടുണ്ട്.

ISBN: 81-88033-91-X എഡിറ്റര്‍: കെ.പി.അരവിന്ദാക്ഷന്‍, 200 പുറം, വില: 140 രൂപ.

നാളിതു വരെയുള്ള കേരള വിശകലനങ്ങളെയെല്ലാം ഗ്രസിച്ചു പോന്നിട്ടുള്ള പ്രശ്നമാണ് ആശ്രയിക്കാവുന്ന “സ്റ്റാറ്റിസ്റ്റിക്സ്”-ന്റെ അഭാവം.സെന്‍സസ് വളരെ കുറച്ചു വിവരമേ നല്‍കുന്നുള്ളൂ. അത് തന്നെ വ്യക്തിനിഷ്ഠമായ പ്രശ്നങ്ങളില്‍ ആശ്രയിക്കാവുന്ന ഒരു രേഖയല്ല. ഇത്തരുണത്തിലാണ് ശാസ്ത്രീയമായി തിരഞ്ഞെടുത്ത ഒരു സാമ്പിള്‍ പോപ്പുലേഷനില്‍ നടത്തപ്പെട്ട ഈ സര്‍വ്വേ ശ്രദ്ധേയമാകുന്നത്. ഇത്തരം സാമ്പിളുകളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും “ബയസ്” ഒഴിവാക്കാനും ഏറെക്കുറെ കൃത്യമായ ഡാറ്റ ഉണ്ടാക്കുവാനും കഴിയും. ‌+/-2 അല്ലെങ്കില്‍ 3 ശതമാനം ആ‍യി വ്യതിയാനം ഒതുക്കി നിര്‍ത്താന്‍ കഴിയും. ഇത് ഈ സര്‍വ്വെയില്‍ സാധിച്ചിട്ടുണ്ട് എന്നത് ലഭ്യമായ സെന്‍സസ് വിവരങ്ങള്‍ ഈ സര്‍വ്വെയുടെ വിവരങ്ങളുമായി ഒത്തു പോകുന്നതില്‍ നിന്ന് വ്യക്തമാണ്. സര്‍വ്വേക്ക് അവലംബിച്ച ശാസ്ത്രീയ മാനദണ്ഠങ്ങളെക്കുറിച്ച് ഒരു അധ്യായം തുടക്കത്തില്‍ നല്‍കിയിരിക്കുന്നത് ഗണിതകുതുകികള്‍ക്ക് ഏറെ സഹായകമാണ്.

കേരളത്തിലെ 6000 കുടുംബങ്ങളെ സാമ്പിളായി സ്വീകരിച്ച് നടത്തിയ പഠനം സാമ്പത്തികം, സാമൂഹികം, ലിംഗം, മതം, സമുദായം എന്നിങ്ങനെ ഒട്ടേറെ രീതികളില്‍ സാമ്പിള്‍ ഗ്രൂപ്പിനെ തരം തിരിക്കുന്നുണ്ട്. ഉദാഹരണത്തിന് സാമ്പത്തിക ഗ്രൂപ്പുകള്‍ താഴെ പറയുന്നവയാണ്:

ഗ്രൂപ്പ് 1: അതി ദരിദ്രര്‍ (ബി.പി.എല്‍)
ഗ്രൂപ്പ് 2: താരതമ്യേന ദരിദ്രര്‍
ഗ്രൂപ്പ് 3: താഴ്ന്ന ഇടത്തരക്കാര്‍
ഗ്രൂപ്പ് 4: ഉയര്‍ന്ന ഇടത്തരക്കാര്‍

സര്‍വ്വെ പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 14.0% ഗ്രൂപ്പ് 1-ഉം, 32.2% ഗ്രൂപ്പ് 2-ഉം, 43.2% ഗ്രൂപ്പ് 3-ഉം, 10.6% ഗ്രൂപ്പ് 4-ഉം ആണ്. കേരളം ഒരു മധ്യവര്‍ഗ്ഗ സംസ്ഥാനമാണെന്ന പൊതു ധാരണയെ ഈ പഠനം ഏകദേശം സാധൂകരിക്കുന്നു. ഒപ്പം നിലനില്‍ക്കുന്ന വലിയ സാമ്പത്തിക അസമത്വത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.

വീടും പരിസരവും,
വരവും ചെലവും ആസ്തികളും,
തൊഴിലും ഉപജീവനവും,
ദാരിദ്രവും അസമത്വവും,
സാമൂഹിക ചലനാവസ്ഥ,
വിദ്യാഭ്യാസം,
ആരോഗ്യം,
സ്ത്രീകളുടെ അവസ്ഥ,
സംസ്കാരം,
നിലപാടുകള്‍

എന്നീ വിഷയങ്ങളില്‍ ആശ്രയിക്കാവുന്ന വിവരങ്ങള്‍ ഈ സര്‍വ്വേ ലഭ്യമാക്കുന്നു. ചില വിവരങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

സര്‍വ്വേ പ്രകാരം കേരളത്തില്‍ 95% ശതമാനം പേര്‍ക്കും സ്വന്തമായ വീടുണ്ട്. സാമ്പത്തിക ഗ്രൂപ്പുകള്‍ക്കിടയില്‍ വലിയ വ്യതിയാനം കാണാനില്ല. പാര്‍പ്പിട രംഗത്തുണ്ടായ കുതിച്ചു ചാട്ടം കഴിഞ്ഞ രണ്ടു ദശകങ്ങളുടെ സംഭാവനയാണെന്ന് (ഏകദേശം 65% വീടുകള്‍) സര്‍വ്വേ വ്യക്തമാക്കുന്നു.കക്കൂസ് ഉപയോഗിക്കുന്നത് 92% കുടുംബങ്ങളാണ്. എന്നാല്‍ 50% ശതമാനത്തിലേറെ വീടുകള്‍ക്ക് തൃപ്തികരമായ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളില്ല എന്നത് വരുന്ന ദശകങ്ങളില്‍ ആസൂത്രകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു വലിയ വിഭാഗം ജനങ്ങള്‍ (കൂടുതലും ഗ്രൂപ്പ് 1,2) സുരക്ഷിതമല്ലാത്ത കുടിവെള്ളം ഉപയോഗിക്കുന്നു എന്നത് ആശങ്കാജനകമാണ്. കൊതുകുശല്യം സംസ്ഥാനമൊട്ടാകെ രൂക്ഷമാണെങ്കിലും ഫലപ്രദമായ കൊതുകു നിവാരണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ കുറവാണ്. വീടില്ലാത്തവരുടെ ശതമാനം ഏറെയും പട്ടിക വര്‍ഗ്ഗമാണെന്നതും അധികൃതരുടെ ശ്രദ്ധ ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്.

ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ളത് കൃസ്ത്യാനികള്‍ക്കും, മുന്നോക്ക ജാതിക്കാര്‍ക്കുമാണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.കുറവ് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗത്തിനും. ഗ്രൂപ്പ് ഒന്നിന്റെ ആളോഹരി വാര്‍ഷിക വരുമാനം 5056 രൂപയാണെങ്കില്‍ ഗ്രൂപ്പ് നാലിന്റേത് 57496 രൂപയാണ്. പുറം വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ ഏറെയും മുസ്ലിം സമുദായത്തിലാണെങ്കിലും (ഗള്‍ഫ്) അത് വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായിട്ടില്ല എന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷവും (51%) കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളാണെന്നതാണ് കാരണം. ശരാശരി കൈവശ ഭൂമി സാമ്പത്തിക ഗ്രൂപ്പനുസരിച്ച് വ്യത്യാസപ്പെടുന്നു. മതത്തെ അടിസ്ഥാനമാക്കിയാല്‍ കൃസ്ത്യാനികളാണ് കൂടുതല്‍ ഭൂമി കൈവശം വക്കുന്നത്. കര്‍ഷകര്‍ ഏറെയും ഈ വിഭാഗത്തില്‍ തന്നെ. അല്പം അത്ഭുതകരമായ കാര്യം സമുദായങ്ങളില്‍ ഏറ്റവും ആളോഹരി ഭൂമിയുള്ളത് (കടലാസിലെങ്കിലും) പട്ടിക വര്‍ഗ്ഗക്കാര്‍ക്കാണെന്നതാണ് (1.39 ഏക്കര്‍). ഇത് അവരുടെ വരുമാനത്തില്‍ പ്രതിഫലിച്ചിട്ടില്ല എന്നത് നിലനില്ക്കുന്ന ചൂഷണത്തെ സൂചിപ്പിക്കുന്നു. റേഡിയോ, ടി.വി, ഇസ്തിരിപ്പെട്ടി, മിക്സി, പാചകവാതകം എന്നിവ 50% ശതമാനത്തിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്തൃവസ്തുക്കളാണ്. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ 4% മാത്രമാണ്. അതു തന്നെ സാമ്പത്തിക ഗ്രൂപ് 3,4 എന്നിവയില്‍ പെടുന്നവര്‍ മാത്രം. വലിയ ഒരു ഡിജിറ്റല്‍ ഡിവൈഡ്! ഗ്രൂപ്പ് 1-ന്റെ പ്രതിമാസ ചിലവ് 2385-രൂപയായിരിക്കുന്പോള്‍ ഗ്രൂപ്പ് 4-ന്റെ പ്രതിമാസ ചിലവ് 9158 രൂപയാണ്. വിവാഹ ചിലവ് കേരളീ‍യ കുടുംബങ്ങളെ വിഴുങ്ങുന്ന ഒരു വന്‍ വിപത്താണെന്ന് സര്‍വ്വെ ബോധ്യപ്പെടുത്തുന്നു. 6787 കോടി രൂപയാണ് കേരളം ഒരു വര്‍ഷം വിവാഹ ധൂര്‍ത്തിന്നായി ചിലവാക്കുന്നത്. മുസ്ലീം സമുദായമാണ് ഈയിനത്തില്‍ ഏറ്റവും തുക മുടക്കുന്നത്. മറ്റ് സമുദായങ്ങളും ഏറെ ഭിന്നമല്ല.

കേരളജനതയുടെ മൊത്തം തൊഴില്‍ പങ്കാളിത്ത നിരക്ക് 32.7% ആണ്. 53.5% പുരുഷന്മാരും, 13.1 ശതമാനം സ്ത്രീകളും.സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇന്ഡ്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. തൊഴിലാളികളില്‍ ഭൂരിഭാഗവും (52.6%) സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏറ്റവും വരുമാനമുള്ള തൊഴില്‍ ആധുനിക വൈദ്യവും(ഡോക്ടര്‍) കുറഞ്ഞ വരുമാനമുള്ള തൊഴില്‍ വീട്ടുജോലിയുമാണ്. ഗ്രൂപ്പ് 1-ല്‍ വരുന്ന വലിയ ശതമാനവും കര്‍ഷകത്തൊഴിലാളികളാണ് എന്നത് ശ്രദ്ധേയമാണ്. 18-60 വയസ്സുള്ളവരില്‍, തൊഴിലെടുക്കാന്‍ തയ്യാറുള്ളവരില്‍ തൊഴിലില്ലായ്മ 15.1 ശതമാനമാണ്. ഇത് പെരുപ്പിച്ചു കാട്ടുന്ന കണക്കുകളേക്കാള്‍ വളരെ കുറവാണ്. അതേ സമയം സമ്പന്ന രാജ്യങ്ങളുടെ 5% നിരക്കുമായി താരതമ്യപ്പെടുത്തുന്‍പോള്‍ വളരെ ഉയര്‍ന്നതുമാണ്. മൊത്തം 12.1 ലക്ഷം തൊഴിലില്ലാത്തവരാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാരുദ്യോഗം നേടിയവര്‍ ഭൂരിഭാഗവും കൃസ്ത്യന്‍, നായര്‍, ഈഴവ വിഭാഗത്തില്‍ പെടുന്നവരാണ് എന്നത് നരേന്ദ്രന്‍ കമ്മീഷന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരുദ്യോഗമുള്ളവര്‍ മൊത്തം തൊഴിലാളികളുടെ 3.1% മാത്രമാണെന്നത് ഇത് ഏറെ ആശ്രയിക്കാവുന്ന തൊഴില്‍ മേഖലയല്ലെന്ന് വ്യക്തമാക്കി തരുന്നുണ്ട്. വിദ്യാഭ്യാസ നിലവാരമനുസരിച്ച് തൊഴിലില്ലാ‍യ്മ വര്‍ദ്ധിക്കുന്നുവെന്നത് വിരോധാഭാസമാണ്. നിരക്ഷരരുടെ തൊഴിലില്ലായ്മ 6.5% ശതമാനമായിരിക്കുന്‍പോള്‍ ഹയര്‍ സെക്കന്ററി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവരില്‍ ഇത് 25-30% ആണ്. അനുയോജ്യമായ തൊഴിലുകളുടെ അഭാവം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവം, തൊഴിലെടുക്കാനുള്ള വിമുഖത എന്നിവ കാരണമായേക്കം. പ്രൊഫഷണല്‍, റ്റെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവര്‍ക്കിടക്ക് തൊഴിലില്ലായ്മ താരതമ്യേന കുറവാണ്.

മധ്യ കേരളം താരതമ്യേന സമ്പന്ന പ്രദേശമായിരിക്കുമ്പോള്‍, വടക്കന്‍ കേരളം താരതമ്യേന ദരിദ്രമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മുസ്ലിം തുടങ്ങിയ വിഭാഗങ്ങള്‍ ഏറെയും ദരിദ്ര ഗ്രൂപുകളില്‍ പെടുന്നു (1,2). കൃസ്ത്യാനികളും, മുന്നോക്ക വിഭാഗങ്ങളും താരതമ്യേന സമ്പന്നരാണ്. ഗ്രൂപ്പ് 1 മാത്രമേ വരവിനേക്കാള്‍ ചെലവ് ചെയ്യെണ്ട വിഭാഗത്തില്‍ പെടുന്നുള്ളൂ‍.ഇക്കൂട്ടര്‍ സ്ഥിരമായ സാമ്പത്തിക ബാധ്യത പേറുന്നവരാണ്.

വിദ്യാഭ്യാസവും വരുമാനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വളരെ അധികാരികമായ രേഖയാണ് ഈ പഠനം. പ്രൊഫഷണല്‍ ബിരുദമുള്ളവരുടെ ശരാശരി മാസവരുമാനം (7085 രൂപ) നിരക്ഷരരുടെ വരുമാനത്തിന്റെ (352 രൂപ) 20 ഇരട്ടിയാണ്. സാമ്പത്തിക ഗ്രൂപ്പ് രൂപീകരണത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് വിദ്യാഭ്യാസ യോഗ്യതയാണ്. ജാതി, പുറം വരുമാനം എന്നിവയുടെ സ്വാധീനം തുലോം കുറവാണ് എന്ന് കാണാം.”വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം”. ഗ്രൂപ്പ് 1,2-ല്‍ പെട്ട 10% താഴെ മാത്രമേ കോളേജ് കാണുന്നുള്ളൂ. ഗ്രൂപ്പ് 4-ലെ 36.8% വും. മുസ്ലിം, പട്ടിക ജാതി/വര്‍ഗ്ഗം എന്നീ വിഭാഗങ്ങള്‍ കോളേജ് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമാണ്. സ്വാശ്രയ കോളേജുകളെ ആശ്രയിക്കുന്ന ബഹു ഭൂരിപക്ഷവും ഗ്രൂപ്പ് 4-ല്‍ പെടുന്നു. 18 വയസ്സിന് മുകളിലുള്ള ജനങ്ങളില്‍ ബിരുദ,ബിരുദാനന്തര യോഗ്യതയുള്ളത് 11% പേര്‍ക്ക് മാത്രം. പ്രൊഫഷണല്‍ യോഗ്യതയുള്ളത് 1.5% നും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പിന്നോക്കാവസ്ഥയാണ് ഇവിടെ തെളിയുന്നത്. 10-ആം ക്ലാസും അതില്‍ താഴെയും യോഗ്യതയുള്ളവരാണ് ബഹു ഭൂരിപക്ഷവും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊതു ഇടപെടലിന് ഇതില്‍ക്കൂടുതല്‍ ന്യായീകരണം ആവശ്യമുണ്ടോ? ഇനിയും ഏറെ പുരോഗതി കൈവരിക്കേണ്ടിയിരിക്കുന്നു ഈ രംഗം.

സ്കൂള്‍ വിദ്യാര്‍ഥികളില്‍ 80% ശതമാനവും സര്‍ക്കാര്‍, എയ്ഡഡ് മേഖലയെ ആശ്രയിക്കുമ്പോള്‍ 20% മാത്രമാണ് അണ്‍ എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നത്. അതില്‍ത്തന്നെ ഭൂരിഭാഗവും ഗ്രൂപ്പ് 4-ല്‍ പെട്ട വിദ്യാര്‍ത്ഥികളാണ്. 82% പേര്‍ കേരള സിലബസില്‍ പഠനം നടത്തുന്നു. മാതൃഭാഷയില്‍ അധ്യയനം നടത്തുന്നവര്‍ 70% ആണ്. ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഗ്രൂപ്പ് 4-ല്‍ പെടുന്നു. കൃസ്ത്യാനികളും മുന്നോക്ക ജാതികളും കൂടുതലായി ഇംഗ്ലീഷ് തിരഞ്ഞെടുക്കുന്നു.കൂടുതല്‍ ജനങ്ങളും (72%) മാതൃഭാഷയില്‍ അധ്യയനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാണ്. 49% രക്ഷിതാക്കളും കുട്ടികളെ പ്രൊഫഷണല്‍ പഠനത്തിനയക്കാന്‍ താത്പര്യപ്പെടുന്നു. ഒരു ന്യൂനപക്ഷം മാത്രമേ സ്വാശ്രയ കോളേജുകളില്‍ അയക്കാന്‍ തയ്യാറുള്ളൂ. 82% പേരും സ്വാശ്രയ കോളേജുകളെ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. സാമ്പത്തികം തന്നെയാണ് പ്രധാന കാരണം. കേരളത്തിലെ സ്വാശ്രയ രംഗത്തെ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് നന്നായിരിക്കും.

കേരളത്തിന്റെ മൊത്തം രോഗാതുരത ക്രമമായി കുറഞ്ഞു വരുന്നതായി സര്‍വ്വെ സൂചിപ്പിക്കുന്നു. ഗ്രൂപ്പ് 1-ല്‍ പെട്ട ഒരു കുടുംബം മൊത്തം വരുമാനത്തിന്റെ 32% ചികിത്സക്കായി ചിലവാക്കുമ്പോള്‍ ഗ്രൂപ്പ് 4-ല്‍ പെട്ട കുടുംബം 10% ആണ് ചിലവഴിക്കുന്നത്. 2800 കോടി രൂപയോളം മലയാളികള്‍ ഒരു വര്‍ഷം ചികിത്സക്കായി ചിലവാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 50% ശതമാനത്തോളം ജനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു. പ്രത്യേകിച്ചും ഗ്രുപ്പ് 1,2 എന്നീ വിഭാഗക്കാര്‍.ആശുപത്രികളിലെ കിടത്തി ചികിത്സാ ചിലവ് ഭീമമാണെന്ന് സര്‍വ്വെ പറയുന്നു. ഒരൊറ്റ പ്രാവശ്യത്തേക്ക് ശരാശരി 10,000 രൂപ! പൊതു ആരോഗ്യസംവിധാനവും, ആരോഗ്യ ഇന്‍ഷ്വറന്‍സും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അഖിലേന്ത്യാ നിരക്കിലും കുറവ്. ഏറ്റവും കുറഞ്ഞ തൊഴില്‍ പങ്കാളിത്തം (7.1%) മുസ്ലിം സമുദായത്തിലാണ് എന്നത് യാദൃശ്ഛികമല്ല. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കാര്യമായ അന്തരമില്ല. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം നേടിയവരില്‍ സ്ത്രീകല്‍ 50% ത്തിലും അധികമാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ 35% ത്തില്‍ താഴെയും. തൊഴിലന്വേഷകര്‍ ഈ വിഭാഗത്തില്‍ കുറവാണെന്നുള്ളതില്‍ നിന്ന് തൊഴിലില്ലായ്മയല്ല സാമൂഹ്യസാഹചര്യങ്ങളാണ് സ്ത്രീയെ വീട്ടുപകരണമാ‍ക്കി മാറ്റുന്നതെന്ന് വ്യക്തമാണ്. കുടുംബത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് സ്ത്രീയും പുരുഷനും യോജിച്ചാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളില്‍ 62%-ഉം പൊതുസ്ഥലത്തെ ശല്യപ്പെടുത്തല്‍ അനുഭവിക്കുന്നതായി രേഖപ്പെടുത്തിയത് കേരളത്തിന്റെ ലൈംഗിക പരിതോവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചില രസകരമായ കണക്കുകള്‍ ഉദ്ധരിച്ചാല്‍ കേരളീയര്‍ കൂടുതലും പുട്ട്, ദോശ, കഞ്ഞി എന്നീ പ്രഭാത ഭക്ഷണങ്ങളാണ് ഉപയോഗിക്കുന്നത്. കഞ്ഞി കഴിക്കുന്നത് കൂടുതലും താരതമ്യേന സമ്പന്നരായ കൃസ്ത്യന്‍ വിഭാഗമാണെന്നത് ഈ വിഭാഗത്തിന്റെ കാര്‍ഷിക ജീവനത്തെ സംബന്ധിക്കുന്നതാവാം. 60% -ലേറെ കുടുംബങ്ങള്‍ ദിവസവും മത്സ്യം ഉപയോഗിക്കുന്നവരാണ് എന്നത് ഭക്ഷണ പിരമിഡില്‍ മത്സ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മുണ്ട് വേഷമായി സ്വീകരിച്ചവര്‍ പുരുഷന്മാരില്‍ 75%-ലേറെയാണ്. സ്ത്രീകളുടെ പ്രധാന വസ്ത്രം സാരിയാണ്. എന്നാല്‍ മുസ്ലിം സ്ത്രീകളുടെ പര്‍ദ്ദ ഉപയോഗം മുന്‍‌തലമുറയില്‍ നിന്ന് ചെറുപ്പക്കാരിലെത്തുമ്പോള്‍ 3 ഇരട്ടി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്ക്കുന്നു. ഇവരുടെ തൊഴില്‍ പങ്കാളിത്തവുമായി ഇതിനെ കൂട്ടി വായിച്ചാല്‍ മുസ്ലിം സ്ത്രീ അനുഭവിക്കുന്ന പരിതോവസ്ഥ മനസ്സിലാക്കാം. കോളേജ് വിദ്യാര്‍ഥികളുടെ പ്രധാന വേഷം പാന്റ്റും,ചുരിദാറും തന്നെ. പത്രങ്ങള്‍ 48.2% പേരിലെത്തുമ്പോള്‍ റ്റി.വി കാണുന്നവര്‍ 61% ആണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ മൊത്തം ജനതയുടെ 2% മാത്രം!. 65% പേരിലെത്തുന്ന റേഡിയോ ആണ് ഇപ്പോഴും ജനപ്രിയ മാധ്യമം. 93.2% പേരും മലയാളം റ്റി.വി. ചാനലുകള്‍ കാണാന്‍ ഇഷ്ട്പ്പെടുന്നവരാണ്. വാര്‍ത്തയും സീരിയലുമാണ് ജനപ്രിയ പരിപാടികള്‍. 24% പേരാണ് സ്ഥിരം സിനിമാ പ്രേക്ഷകര്‍. പുസ്തകങ്ങള്‍ വാങ്ങുന്നത് 28% പേരാണ്. ഗ്രൂപ്പ് 1-ല്‍ 12% ഉം ഗ്രൂപ്പ് 4-ല്‍ 51% ഉം. വിജ്ഞാനത്തിന്റെ വിതരണത്തിലെ അസമത്വം വ്യക്തമാണല്ലോ.

രാഷ്ട്രീയ സാമൂഹിക നിലപാടുകളെക്കുറിച്ച് ആശാവഹമായ ചിത്രമാണ് സര്‍വ്വെ നല്‍കുന്നത്. ഒരു ചെറിയ ശതമാനമേ (<10%) മത-ജാതി അടിസ്ഥാനത്തില്‍ സംഘടിക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. ഇവരില്‍ കൂടുതല്‍ പേരും ബി.ജെ.പി യോട് വിധേയത്വം പുലര്‍ത്തുന്നവരോ ചില മുസ്ലിം ഗ്രൂപ്പുകളുടെ അനുയായികളോ ആണ്. പോലീസും കോടതിയും അഴിമതി കൂടുതലുള്ള സംവിധാനങ്ങളാണെന്ന് 75% പേര്‍ കരുതുന്നു. 25% ശതമാനം പേര്‍ കഴിഞ്ഞ കൊല്ലം ഏതെങ്കിലും കാര്യത്തിന് കൈക്കൂലി നല്‍കിയിട്ടുണ്ട് എന്നത് അഴിമതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ജനകീയാസൂത്രണത്തെ കുറിച്ച് ജനങ്ങള്‍ക്ക് പൊതുവിലും, ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും അനുകൂല നിലപാടാണുള്ളത്. പങ്കാളിത്ത ജനാധിപത്യ മാതൃകയുടെ വിജയമായി ഇതിനെ കണക്കാക്കാം. മുസ്ലീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലായി യു.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ പിന്തുണ ഹിന്ദുക്കളില്‍, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. 70% ജനങ്ങളും സ്ഥിരമായി ഒരേ കക്ഷിക്ക് വോട്ട് ചെയ്യുന്നവരാണ്. പൊതു സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്നു.

രസകരമായ മറ്റൊരു വിവരം കേരളീയരുടെ അന്ധവിശ്വാസങ്ങളോടുള്ള ആഭിമുഖ്യമാണ്. ഇത് സാമ്പത്തികം, രാഷ്ട്രീയം എന്നിവക്കുപരി ജാതി, മതം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഹിന്ദുക്കളില്‍ 60% ജാതകം നോക്കുന്നവരാണ്. മുന്നോക്ക ജാതിക്കാര്‍ ഇക്കാര്യത്തില്‍ അല്പം മുമ്പിലാണെന്നു മാത്രം. മന്ത്രവാദത്തില്‍ വിശ്വസിക്കുന്നരില്‍ മുസ്ലിങ്ങളാണ് മുന്‍പില്‍. 12% ലേറെ മുസ്ലിങ്ങള്‍ മന്ത്രവാദത്തെ ആശ്രയിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരും മന്ത്രവാദത്തോട് കൂടുതല്‍ ആഭിമുഖ്യമുള്ളവരാണ്. രോഗശാന്തി ശുശ്രൂഷയില്‍ വിശ്വസിക്കുന്ന കൃസ്ത്യാനികള്‍ 36% -ലേറെയാണ്. പോട്ടക്ക് സ്തുതി.

കേരള പഠനം ഒരു പക്ഷേ കേരളീയരെപ്പറ്റി നടത്തപ്പെട്ട ഏറ്റവും ആധികാരികമായ രേഖയാണ്. ആസൂത്രകര്‍ക്കും കേരളത്തെപ്പറ്റി ചിന്തിക്കുന്നവര്‍ക്കും ഈ പഠനം ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തിലുള്ള പഠനങ്ങള്‍ വര്‍ഷം തോറും നടത്തുന്നത് ആസൂത്രണത്തെ ഫലവത്താക്കാന്‍ സഹായിക്കും. സെന്‍സസ് ഇക്കാര്യത്തില്‍ കാര്യമായ സഹായം ചെയ്യാത്ത സാഹചര്യത്തില്‍. ഈ പഠനത്തില്‍ നിന്ന് വളരെയേറെ അനുമാനങ്ങളും കണ്ടെത്തലുകളും ഉണ്ടായേക്കാം. എന്നാല്‍ അത്തരത്തിലുള്ള കണ്‍ക്ലൂഷനുകള്‍ പരിഷത്ത് ഈ പഠനത്തില്‍ മുന്നോട്ട് വക്കുന്നില്ല. അത് ഒരു തുടര്‍ പ്രക്രിയയായി നടത്താവുന്നതാണ്. ഇനിയുള്ള വര്‍ഷങ്ങളിലും ഇത്തരം ഡാറ്റ സംഭരിച്ചാലേ ഇത് ഒരു സ്ഥായിയായ മാനദണ്ഠമായി ഉപയോഗപ്പെടുത്താന്‍ പറ്റൂ, അതിന് പരിഷത്തും ആസൂത്രണ ബോര്‍ഡും മുന്‍‌കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.

പരിഷത്തിന് ഏറെ പരാധീനതകളുണ്ട്. കേരളീയരുടെ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്നുള്ള ഉള്‍വലിയല്‍ അതിലേറ്റവും പ്രധാനപ്പെട്ടതാണ്. വ്യക്തിവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ സക്രിയമാക്കുക എന്ന വെല്ലുവിളിയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. അതിന് ജനത ഒന്നടങ്കം രാഷ്ട്രീയമായും സാമൂഹികമായും ഉണരുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യേണ്ടതാണ്. പങ്കാളിത്ത ജനാധിപത്യവും, കുടുംബശ്രീയുമെല്ലാം ഈ രംഗത്ത് മികച്ച മാതൃകകളാണ്. ജനങ്ങളില്‍ രൂഢമൂലമായ അലസതയും, തന്‍‌കാര്യ സംരക്ഷണവും ഒഴിവാക്കി വര്‍ഗ്ഗ സഹകരണത്തിന്റെ വഴികള്‍ തേടുകയാണ് കേരളത്തിന് കരണീയം. തീവ്ര പരിസ്ഥിതി വിമോചന വാദങ്ങളില്‍ കുടുങ്ങി ഇടതുപക്ഷ വ്യതിയാനങ്ങളിലേക്ക് സഞ്ചരിക്കുന്നത് സമൂഹത്തിന് ഗുണകരമാവില്ല. ഇത് മാധ്യമങ്ങളും ജനങ്ങളും മനസ്സിലാക്കിയാല്‍ നന്ന്.

ഈ പഠനം കേരളീയര്‍ക്ക് കാഴ്ച വച്ച പരിഷത്തിന് അഭിവാദനങ്ങള്‍!

5 പിന്മൊഴികള്‍:

Blogger കേരളീയന്‍ പറഞ്ഞു...

ശാസ്ത്രസാഹിത്യപരിഷത്ത് അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിച്ചത്.കേരള ജന ജീവിതത്തിന്റെ സമസ്ത മേഖലകളെയും അടയാളപ്പെടുത്തുന്ന “കേരള പഠനം” എന്ന സമഗ്ര സര്‍വ്വെ. “കേരള പഠനം - കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?” എന്ന പേരില്‍ ഈ പഠനം ഇപ്പോള്‍ പുസ്തക രൂപത്തില്‍ ലഭ്യമായിട്ടുണ്ട്.

8:32 AM  
Blogger ഗുപ്തന്‍സ് പറഞ്ഞു...

പരിഷത്തിന്റെ കേരളപഠനത്തെപ്പറ്റി വിശദമായി പ്രതിപാദിച്ച കേരളീയന്‌ നന്ദി..

10:55 AM  
Blogger അനൂപ് :: anoop പറഞ്ഞു...

കേരള പഠനം ഇതു വരെ വായിക്കാന്‍ സാധിച്ചില്ല.വായിക്കണം വായിക്കണം എന്നു കരുതിയിരിക്കുമ്പോഴാണ് ഇത് കാണുന്നത്. വളരെ നന്ദി കേരളീയാ..

11:15 PM  
Blogger Ziya പറഞ്ഞു...

നന്നായി

6:39 AM  
Anonymous Anonymous പറഞ്ഞു...

nannayi keraleeya,inagneyoru aamukhavum padanavum..it was a good introduction..saamooohika idapedalukalil ororutharudeyum bhagadheyathekkurichulla nireekshanangalum nannayi..keep it up

11:08 PM  

Post a Comment

<< Home