Monday, February 26, 2007

ലാലുവിന്റെ മുന്നില്‍ വി.എസിന്റെ കണ്ണുപൊത്തിക്കളി

മാന്യശ്രീ ലാലുപ്രസാദ് റയില്‌വേ ബജറ്റവതരിപ്പിച്ച് കഴിയുന്നതിനും മുന്നേ വി.എസിന്റെയും, വിജയകുമാറിന്റെയും, ഉമ്മന്‍ ചാണ്ടിയുടെയും പ്രസ്താവനകള്‍ വന്നു. ബജറ്റ് കേരളത്തിനനുകൂലം. എന്തെങ്കിലും വാഴക്കാ തടഞ്ഞിട്ടുണ്ടാകുമെന്ന് വിചാരിച്ച് പരിശോധിച്ചപ്പോഴോ, വാഴക്കാ പോയിട്ട് ഒരു കൂര്‍ക്ക പോലുമില്ല!

1) ഷൊര്‍ണൂര്‍ - മംഗലാപുരം പാത ഇരട്ടിപ്പിക്കാതെ കേരളത്തിന്റെ യാത്രാപ്രശ്നം തീരില്ല.
2) യാത്രാസൌകര്യമില്ലാതെ കഷ്ടപ്പെടുന്ന 10 ലക്ഷത്തോളം ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പുതിയ രണ്ടു വണ്ടിയെങ്കിലും കിട്ടേണ്ടതാണ്‍. കിട്ടിയത് ഉള്ള ഒരു വണ്ടി ആഴ്ചയില്‍ മൂന്നു ദിവസമാക്കിയത്.
3) മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ തുകയില്ല.
4) വൈദ്യുതീകരണത്തിന്‍ ആവശ്യമായ തുകയില്ല.
5) കേരളത്തിന്റെ ചിരകാലാഭിലാഷമായ റയില്‍‌വേ സോണിനെപ്പറ്റി ഒരു പരാമര്‍ശവുമില്ല.

കിട്ടിയത് ഒരു ദാരിദ്ര്യ രഥവും, ഒരു ബോഗി നിര്‍മ്മാണ ശാലക്ക് 82 കോടിയും. 1000 കോടി രൂപയെങ്കിലും വേണ്ടി വരും ബാംഗ്ലൂരിലെ ബി.ഇ.എം.എല്‍ പോലെ ഒരു ഫാക്ടറിയുണ്ടാക്കാന്‍.

എന്നാലും നമ്മുടെ മുഖ്യനും, പ്രതിപക്ഷ നേതാവും, എം.പിമാര്ക്കും പെരുത്ത് സന്തോഷം. ഇനി ഈ കണ്‍കെട്ട് ജനങ്ങള്‍ വിശ്വസിക്കണം. ദീപിക മാത്രം ഈ വിഷയത്തിലൊരു വാര്‍ത്ത കൊടുത്തിട്ടുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്? മലയാളിയുടെ യാത്രാദുരിതം ലാലു-വേലുമാരുടെ കാരുണ്യം കാത്ത് ഇനിയും എത്ര വര്‍ഷം?

5 പിന്മൊഴികള്‍:

Blogger കൃഷ്‌ | krish പറഞ്ഞു...

കേരളീയാ.. നന്ദി ഈ കാര്യം ഒരു പോസ്റ്റായി ഇട്ടതിന്‌. ഞാന്‍ ഇതിനെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.

ദീപിക-യില്‍ ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാന്‍ വായിച്ചിരുന്നു. വി.എസ്‌.ന്‌ സന്തോഷം, എം.പി.മാര്‍ക്ക്‌ സന്തോഷം. നമ്മുടെ എം.പി.മാരുടെ കഴിവ്‌(കേട്‌)നെക്കുറിച്ചും എഴുതിയിട്ടുണ്ട്‌.
കേരളത്തിന്‌ അര്‍ഹിക്കുന്നത്‌ കിട്ടിയിട്ടുണ്ടോ എന്ന്‌ എല്ലാവരും വായിച്ച്‌ വിലയിരുത്തുക.

11:48 PM  
Blogger കണ്ണൂസ്‌ പറഞ്ഞു...

ഇതിനേപ്പറ്റി ഞാന്‍ മുന്‍പേ കുമാറിന്റെ ദര്‍പ്പണം എന്ന ബ്ലോഗില്‍ എഴുതിയിരുന്നു. പാത ഇരട്ടിപ്പിക്കലിനും മേല്‍പ്പാല നിര്‍മ്മാണങ്ങള്‍ക്കും ആവശ്യമായ സ്ഥലം ഏറ്റെടുത്ത്‌ റെയില്‍വേക്ക്‌ കൈമാറേണ്ടത്‌ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്‌. പല നിയമക്കുരുക്കുകളിലും സ്വാധീനങ്ങളിലും പെട്ട കേരളത്തിലെ സര്‍ക്കാരുകള്‍ക്ക്‌ കഴിഞ്ഞ കുറേക്കാലമായി ഇതിന്‌ കഴിഞ്ഞിട്ടില്ല. സ്ഥലം കിട്ടാതെ കേരളത്തിലെ റെയില്‍വേ വികസനം നടക്കില്ല എന്ന് മാറി മാറി വന്ന പല കേന്ദ്ര മന്ത്രിമാരും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്‌. ഈ കാര്യം മൂടിവെച്ചാണ്‌ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന് മാധ്യമങ്ങളും സര്‍ക്കാരുകളും ഇക്കാലമത്രയും നമ്മളെ വിശ്വസിപ്പിച്ച്‌ പോന്നത്‌. പാത വികസനവും മേല്‍പ്പാല നിര്‍മ്മാണങ്ങളും നടക്കാതെ, കേരളം പോലെ അതീവ ജനസാന്ദ്രതയുള്ള സംസ്ഥാനത്തിന്‌ കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കാനും ബുദ്ധിമുട്ടായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ.

ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, കിട്ടാവുന്നതില്‍ നല്ല ഒരു ബഡ്‌ജറ്റ്‌ വകയിരുത്തല്‍ ആണ്‌ ഇത്തവണ എന്ന് സമ്മതിച്ചേ തീരൂ. 82 കോടി കൊണ്ട്‌ കോച്ച്‌ ഫാക്റ്ററി നിര്‍മ്മാണം പൂര്‍ത്തിയാക്കും എന്നര്‍ത്ഥമില്ലല്ലോ കേരളീയാ. ഈ വര്‍ഷം 82 കോടി എന്നല്ലേയുള്ളൂ. നിര്‍മ്മാണം പുരോഗമിക്കുന്നതിനനുസരിച്ച്‌ വരുന്ന ബഡ്‌ജറ്റുകളില്‍ കൂടുതല്‍ തുക കിട്ടും.

12:04 AM  
Blogger കേരളീയന്‍ പറഞ്ഞു...

കണ്ണൂസ്, ക്രിഷ് - കമന്റുകള്‍ക്ക് നന്ദി.

പാതയിരട്ടിപ്പിക്കല്‍ തന്നെയാണ്‍ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. കൊങ്കണ്‍ റെയില്‌വേയുടെ ഗുണം ലഭിക്കണമെങ്കിലും, കൂടുതല്‍ വണ്ടികള്‍ അനുവദിക്കപ്പെടണമെങ്കിലും ഇത് അത്യാവശ്യമാണ്‍. കൊച്ചിയിലേക്ക് ഒരു ചരക്ക് കോറിഡോറും ഭാവിയില്‍ ആവശ്യമായേക്കാം.

ഞാന്‍ അറിഞ്ഞിടത്തോളം 47 മേല്‍പ്പാലങ്ങള്‍ കേരളഗവണ്മെന്റ് പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. റെയില്‌വേ ചെയ്യേണ്ട ഭാഗത്തിനാണ്‍ പണം അനുവദിക്കാത്തത്. പുതിയ 100-ഓളം മേല്‍പ്പാലങ്ങള്‍ക്ക് സ്ഥലമെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുണ്ട് എന്നതും ശരി തന്നെ. കേരളത്തില്‍ സ്ഥല പ്രശ്നം മൂലം പുതിയ പാതകള്‍ ഉണ്ടാക്കുന്നത് ശ്രമകരമായിരിക്കും എന്നു തോന്നുന്നു.

വേണ്ട ആസൂത്രണവും, വിലപേശല്‍ ശേഷിയുമില്ലാതെ ഇന്ഡ്യന്‍ സംവിധാനത്തില്‍ സംസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് ശ്രമകരമായിരിക്കും. അത് അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചാല്‍ ഈ പ്രശ്നം തീരും.

കേരളത്തിന്‍ കിട്ടിയത് എന്ത് എന്ന് ഹിന്ദുവില്‍ ഒരു നല്ല ആര്‍ട്ടിക്കിള്‍ കണ്ടു:
http://www.hindu.com/2007/02/27/stories/2007022709740400.htm

1:01 AM  
Blogger കൊച്ചുഗുപ്തന്‍ പറഞ്ഞു...

കേരളീയാ- അവസരോചിതമായ പോസ്റ്റ്‌...വാര്‍ത്തകള്‍ കേട്ടും വായിച്ചും രോഷം അടക്കിവെചിരിയ്ക്കുമ്പോഴാണ്‌ ഇത്‌ കണ്ടത്‌..

ഒരു സോണ്‍ എന്നത്‌ തികച്ചും ന്യായമായ ആവശ്യമാണ്‌..അതിന്‌ വേണ്ടത്‌ മാനസികമായ അടിമത്തത്തില്‍നിന്നും മോചിതമായ ഒരു ചിന്താധാരയാണ്‌..മറ്റുള്ളവരെല്ലാം ഇക്കാര്യത്തില്‍ വളരെ മുമ്പിലെത്തിയിരിയ്ക്കുന്നു...

...ഉള്ളതുകൊണ്ട്‌ ഓണം ഉണ്ണാന്‍ പഠിച്ചവരാണ്‌ മലയാളികള്‍..അത്‌ ഇപ്പോള്‍ വിനയായി മാറിയിരിയ്ക്കുകയാണ്‌..വര്‍ഷങ്ങളായുള്ള അവഗണന മാത്രം മിച്ചം...ഇക്കാര്യത്തില്‍ എല്ലാ ഭരണാധികാരികളും ഒരേതൂവല്‍പക്ഷികള്‍ തന്നെ...

..കേരളത്തിനാവശ്യം, കേരളത്തെക്കുറിച്ച്‌ ഇസങ്ങള്‍ക്കപ്പുറം ചിന്തിയ്ക്കുന്ന ദീര്‍ഘദര്‍ശിയായ ഒരു നേതൃത്വമാണ്‌...എന്നുണ്ടാവുമോ ആവോ അത്‌ !!!!

1:29 AM  
Blogger സുരലോഗം || suralogam പറഞ്ഞു...

എത്ര നോക്കിയിട്ടും കേരളത്തിനു ഗുണകരമായ റെയില്‍വേ ബജറ്റാണെന്ന് നേതാക്കള്‍ പറയുന്നതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. അടിയന്തിര ആവശ്യമായ മേല്‍പാലങ്ങള്‍ക്ക് വേണ്ടത്ര തുക നീക്കി വെച്ചിട്ടില്ല. തിരക്കുള്ള റൂട്ടില്‍ mainline emu അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ആകെ കിട്ടിയത് ഒന്നര ട്രെയിന്‍ ആണ്.

7:26 AM  

Post a Comment

<< Home