Sunday, August 05, 2007

വഴി മുട്ടുന്ന കേരളം; വീണ വായിക്കുന്ന മാധ്യമങ്ങള്‍

കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്തൊക്കെയാണ്? താഴെ പറയുന്നവയാണെന്ന് എനിക്ക് തോന്നുന്നു.

1) വര്‍ദ്ധിക്കുന്ന രോഗാതുരതയും തകരുന്ന പൊതുജനാരോഗ്യസംവിധാനങ്ങളും; ഏറ്റവും അവസാനത്തെ കണക്കനുസ്സരിച്ച് പകര്‍ച്ചപ്പനിയും, ചിക്കന്‍ഗുനിയയും ബാധിച്ചവര്‍ ആകെ ജനസംഖ്യയുടെ 75% വരും. ഉത്പാദനക്ഷമതയിലുണ്ടായ ഭീമമായ കുറവ്. പലരും പട്ടിണിയെ അഭിമുഖീകരിക്കുന്ന അവസ്ഥ.

2) വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളും വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളും. കേരളം മാലിന്യക്കൂമ്പാരമായി മാറുന്ന അവസ്ഥ. ശുദ്ധജല ലഭ്യത 17% ശതമാനം ജനങ്ങള്‍ക്ക് മാത്രം. കീടനാശിനികള്‍ മണ്ണിനെയും മനുഷ്യനെയും ഗ്രസിച്ചു കഴിഞ്ഞു. മാലിന്യ നിക്ഷേപവും, മണലെടുപ്പും മൂലം നദികള്‍ ഇനി വീണ്ടെടുക്കാനാവാത്ത അവസ്ഥ. ആഗോള താപന ഫലമായി തീരപ്രദേശങ്ങള്‍ കടലെടുക്കുന്നു.

3) ഏറ്റവും അനുകൂലമായ മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥ. ജനസംഖ്യാ കണക്കുകളനുസരിച്ച് 65% ജനങ്ങള്‍ 20-60 പ്രായപരിധിയിലുള്ള കേരളത്തില്‍ ലഭ്യമായ മനുഷ്യശേഷിയുടെ 35-40% മാത്രമേ പ്രയോജനപ്പെടുത്താനാവുന്നുള്ളൂ. തത്ഫലമായുണ്ടാകുന്ന ദരിദ്രതയും, ജി.ഡി.പിയുലുണ്ടാകുന്ന കുറവും. കേരളത്തിന്റെ ജി.ഡി.പി $25ബി. ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. താരതമ്യപ്പെടുത്താന്‍ കഴിയുന്ന സാമ്പത്തിക മേഖലകളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന്. തത്ഫലമായി നികുതി വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് സംസ്ഥാനത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. നേട്ടങ്ങള്‍ നിലനിര്‍ത്താനും, പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും പണമില്ലാത്ത അവസ്ഥ.

4) കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം. ഹയര്‍ സെക്കണ്ടറി വരെയെങ്കിലും സാര്‍വ്വത്രികവും സൌജന്യവുമായ വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാനത്തിന് കഴിയുന്നില്ല. 10/12 പാസാകുന്നവരും അല്ലാത്തവരുമായ വിദ്യാര്‍ഥികളെ തൊഴിലെടുക്കാന്‍ പ്രാപ്തരാക്കാനുള്ള അവസരങ്ങള്‍ ഇല്ലായ്മ. അടിമുടി കച്ചവടമാക്കി മാറ്റിയ സ്വാശ്രയ വിദ്യാഭ്യാസ രംഗം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെ അഭാവം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തയ്യാറായി ഇറങ്ങുന്ന പള്ളിയും, പട്ടക്കാരും, പല നിറത്തിലുള്ള ഉടുപ്പുകളിട്ട കച്ചവടക്കാരും.

5) വളരുന്ന മൌലിക വാദം. സമൂഹത്തില്‍ നിന്ന് പിന്‌വലിയുന്ന ജനങ്ങള്‍ ആള്‍ദൈവങ്ങങ്ങളെ പൂജിച്ച് തൃപ്തിയടയുന്നു. പല തരത്തിലുള്ള ന്യൂനപക്ഷ, ഭൂരിപക്ഷ, സാമുദായിക വാദങ്ങള്‍ ജനാധിപത്യത്തെ റദ്ദാക്കുന്ന അവസ്ഥ.

6) ആ‍ഗോളവല്‍ക്കരണ ശക്തികളുമായി സമരസപ്പെടാനാകാതെ പ്രാന്തവത്കരിക്കപ്പെടുന്ന സംസ്കാരവും മനുഷ്യരും. ആഗോളവല്‍ക്കരണ, പ്രാദേശിക വല്‍ക്കരണ സാധ്യതകള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും പ്രയോജനപ്രദമായി മാറ്റാന്‍ കഴിയുന്ന സമീകൃത സമീപനങ്ങളുടെ അഭാവം.


എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇവയൊന്നും പ്രസക്തമായ വിഷയങ്ങളല്ല. സ്വന്തം ഭരണ പരാജയം മറക്കാന്‍ മാധ്യമങ്ങളെ കൂട്ടു പിടിക്കുന്ന ഒരു മുഖ്യനെയും, അയാളെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന സ്വന്തം പാര്‍ട്ടിക്കാരുടെയും അവര്‍ ഒന്നൊന്നായി നിരത്തി വിടുന്ന അപവാദ വ്യവസായത്തിന്റെയും പങ്കു പറ്റി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര പരിപാടിയിലാണവര്‍. ഇവിടെ റിപ്പോര്‍ട്ടിങ്ങിന് പ്രസക്തിയില്ല. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്ത കിട്ടിയില്ലെങ്കില്‍, അത് സ്വന്തമായി ഉണ്ടാക്കി പത്രത്തില്‍ പ്ലാന്റ് ചെയ്യാന്‍ എല്ലാ ദിവസവും ശ്രദ്ധിക്കുന്ന മാധ്യമങ്ങളുടെ നാട്. ജനകീയ പ്രശ്നങ്ങളില്‍ വഴി മുട്ടുമ്പോള്‍ ഒരു അവതാര പുരുഷനെയോ ആള്‍ദൈവത്തെയോ മുഖ്യമന്ത്രിയില്‍ ദര്‍ശിച്ച് തൃപ്തിയടയാന്‍ ജനങ്ങളെ പഠിപ്പിക്കുന്ന തിരക്കിലാണിവര്‍. മുഖ്യമന്ത്രിയാകട്ടെ സ്വന്തം പ്രതിച്ഛായയുടെ തടവറയിലും. സമരം ചെയ്തവനെ ഭരണം ഏല്‍പ്പിച്ച ജനത്തിനെ തിരിച്ച് സമരം ചെയ്ത് കൊഞ്ഞനം കുത്തുന്ന നേതാവ്. കേരളത്തെ ഈ സുപ്രധാന ഘട്ടത്തില്‍ നയിക്കാനുള്ള ഉള്‍ക്കാഴ്ചയോ, ശേഷിയോ ഇല്ലാത്ത മുഖ്യന്റെ പ്രധാന ഭരണ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന മൂന്നാര്‍ ദൌത്യത്തെക്കുറിച്ച് ഒരു വാക്ക്:

മൂന്നാറില്‍ സംഭവിച്ചത് ഒരു ഭരണ പരാജയമാണ്. ഒരു മുതലാളിത്ത വ്യവസ്ഥിതിയില്‍ പണമിറക്കാന്‍ സാധ്യതയുള്ള ഒരു സാഹചര്യത്തെ ജനനന്മക്കായി ഉപയോഗിക്കാന്‍ കഴിയാത്ത ഗവണ്മെന്റ്റിന്റെ അനിവാര്യമായ പരാജയം. മൂന്നാറിലെ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്തി അവിടെ നിയന്ത്രിതമായി മുതല്‍മുടക്കാന്‍ അനുയോജ്യരായ നിക്ഷേപകരെ ആകര്‍ഷിച്ച് അവര്‍ക്കു വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഭരണസംവിധാനം പരാജയപ്പെട്ടപ്പോള്‍ മാഫിയകള്ക്ക് വളക്കൂറുള്ള മണ്ണായി മൂന്നാര്‍ മാറിയത് സ്വാഭാവികം. ഒന്നോ രണ്ടോ റിസോര്‍ട്ടുകള്‍ തച്ചു തകര്‍ത്തത് കൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ല ഇത്. ഇനിയും കേരളം നിറയെ മൂന്നാറുകള്‍ ഉയര്‍ന്നു വരും. തച്ചു തകര്‍ക്കുന്നവന്‍ ഹീറോ; ദീര്‍ഘദര്‍ശനത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ സീറോ ആയല്ലേ മതിയാകൂ.

മാധ്യമങ്ങള്‍ സംവിധാനം ചെയ്ത് രംഗത്തവതരിപ്പിക്കുന്ന ഈ പൊറാട്ടു നാടകങ്ങള്‍ക്കും ചക്കളത്തി പോരാട്ടങ്ങള്‍ക്കുമപ്പുറത്ത് ജീവനുള്ള മനുഷ്യരുണ്ട് സാര്‍. അവര്‍ക്ക് എന്തു സ്വപ്നമാണ് ബഹുമാനപ്പെട്ട മുഖ്യനും, അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കും, കുട പിടിക്കുന്ന മാധ്യമങ്ങള്‍ക്കും നല്‍കാനുള്ളത്. കേരളത്തില്‍ അഴിമതി ജി.ഡി.പി യുടെ 2% വരുമെന്ന് ചില സര്‍വ്വേകള്‍ പറയുന്നു. ഇത് മാറ്റാന്‍ ചക്കളത്തി പോരാട്ടങ്ങള്‍ പോരാ. അഴിമതി സംവിധാനത്തിന്റെ പോരായ്മകളുടെ പരിണത ഫലമാണ്. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് വഴി അഴിമതിയുടെ തോത് ഗണ്യമായി കുറക്കാന്‍ കഴിയുമെന്ന് പല രാജ്യങ്ങളുടെയും അനുഭവങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അഴിമതിക്ക് വാചാടോപം പരിഹാരമല്ല. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും നീറുന്ന പ്രശ്നവുമല്ല അത്.

ആത്മാര്‍ഥതയും, ഉള്‍ക്കാഴ്ചയുമുള്ള നേതാക്കളും, പൌരബോധമുള്ള ജനങ്ങളും ഉള്‍ച്ചേരുമ്പോഴാണ് ജനാധിപത്യം ഫലപ്രദമാകുന്നത്. മാധ്യമങ്ങളുടെ പ്രോപ്പഗാണ്ടയില്‍ മയങ്ങുന്ന ജനങ്ങള്‍ തങ്ങളുടെ ചിന്താശേഷി മാധ്യമമാഫിയകള്‍ക്ക് പണയം വക്കുന്നു. എന്നിട്ട് ആള്‍ദൈവത്തിന്റെ വരവും കാത്തിരിക്കുന്നു.

Thursday, April 12, 2007

കര്‍ട്ട് വൊണഗട്ട് - when the excrement hit the airconditioning...

"When the excrement hit the air conditioning" - വിയറ്റ്നാം യുദ്ധത്തെപ്പറ്റി വൊണഗട്ട് എഴുതി.

പ്രതിസംസ്കാരത്തിന്റെ(Counter Culture) ഉസ്താദായിരുന്ന കര്‍ട്ട് വൊണഗട്ടിന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ലേഖനം എതിരൊഴുക്കില്‍.
http://countercurrentsmalayalam.blogspot.com/2007/04/blog-post.html

Sunday, April 01, 2007

ആനന്ദ് ജോണും മാധ്യമ സദാചാരവും

വിവാദങ്ങളില്‍ അഭിരമിക്കുകയും, മഞ്ഞച്ചെളിയിലുരുണ്ട് പിരളുകയും ചെയ്യുന്ന മലയാള പത്രങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്ന ഒരു ഇരയായിരുന്നു ആനന്ദ് ജോണ്‍. എന്നാല്‍ ഒരു പത്രവും ആനന്ദ് ജോണിനെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളെഴുതിയില്ല. ശില്‍പാ ഷെട്ടി സ്റ്റൈലില്‍ കുറഞ്ഞ പക്ഷം ഒരു വര്‍ഗ്ഗീയ വിവാദം പോലും ഉയര്‍ത്തിക്കൊണ്ട് വന്നില്ല. ഫാഷന്‍ ഡിസൈന്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ മലയാളിയാണ്‍ ആനന്ദ് ജോണ്‍. അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങള്‍ അമേരിക്കന്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. അദ്ദേഹം ഇരയോ വില്ലനോ എന്നുള്ളത് കോടതികള്‍ കണ്ടെത്തട്ടെ.

ഒരു മലയാളി എന്ന പരിഗണന നല്‍കി ആനന്ദ് ജോണിനെ മലയാള പത്രങ്ങള്‍ ഒഴിവാക്കിയതാണെങ്കില്‍ അത് പ്രശംസിക്കപ്പെടേണ്ടതാണ്‍. എല്ലാ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഈ സദാചാരം ഉയര്‍ത്തിപ്പിടിച്ചെങ്കില്‍ എന്നാശിക്കുന്നു. അതല്ല, ശില്‍പ്പാ ഷെട്ടി വിവാദം പോലെ നോര്‍ത്ത് ഇന്‍ഡ്യന്‍ മീഡിയ ഇത് ഉയര്‍ത്തിക്കൊണ്ടു വരാതിരുന്നതാണ്‍ കാരണമെങ്കില്‍, ബൌദ്ധിക അടിമത്തത്തെക്കുറിച്ച് നമ്മുടെ പത്രപ്രവര്‍ത്തകര്‍ ലജ്ജിക്കണം. കാരണം, ഒരു മാസം മുന്‍പ്, ശില്‍പ്പാ ഷെട്ടിയെ കൊണ്ടാടിയവരാണിവര്‍. മനോരമ പ്രസിദ്ധീകരിച്ച ഒരു ലേഖനം മാത്രമാണ്‍ ആനന്ദിനെക്കുറിച്ച് കണ്ടത്. അതാകട്ടെ ആനന്ദ് ജോണ്‍ വംശീയതയുടെ ഇരയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഡിഗ്നിഫൈഡായ ഒരു ലേഖനവും.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073774707&articleType=lifestyle&contentId=2197793&BV_ID=@@@

സെലിബ്രിറ്റികളെ കൊണ്ടാടാനും ചെളി വാരിയെറിയാനും മടി കാണിക്കാത്ത മാധ്യമവള്‍ഗാറിറ്റി മലയാള മാധ്യമങ്ങള്‍ വേണ്ടെന്നു വെക്കുകയാണോ? പ്രത്യാശിക്കാം.

Tuesday, March 20, 2007

ബൌദ്ധിക സ്വത്തവകാശവും പാറ്റന്റിങ്ങും

ഈയിടെ കോപ്പിറൈറ്റിനെപ്പറ്റി ചൂടു പിടിച്ച ചര്‍ച്ച ബൂലോകത്തില്‍ നടക്കുകയുണ്ടായി. കൂടുതലും നിയമവശത്തെപ്പറ്റിയായിരുന്നു. ബൂലോകക്ലബ്ബില്‍ പാറ്റന്റിനെപ്പറ്റിയും ഒരു ചര്‍ച്ച നടന്നു. ഇതില്‍ എനിക്കു പരിചയമുള്ളത് പാറ്റന്റിങ് ആണ്‍. അതു തന്നെ സാങ്കേതിക വശം മാത്രം. അറിയാവുന്ന കാര്യങ്ങള്‍ കുറിക്കാം. അതിന്‍ മുന്‍പ് ഒരു ജാമ്യമെടുത്തോട്ടെ. ഇത് ബൌദ്ധികസ്വത്തവകാശത്തെയോ അതിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളുടെയോ ഒരു നീതീകരണമല്ല. ബൌദ്ധികസ്വത്തവകാശം മുതലാളിത്ത വ്യവസ്ഥിതിയില്‍ ‘ഇന്നോവേഷന്‍’ വേണ്ട പ്രോത്സാഹനം നല്‍കുന്നു എന്നാണ്‍ ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ ഇത് സാധാരണ പൌരന്മാര്‍ക്കും മൂന്നാം ലോക രാജ്യങ്ങള്‍ക്കും വേണ്ടത്ര സംരക്ഷണം നല്‍കുന്നില്ല എന്നാണ്‍ മറുപക്ഷം സമര്‍ഥിക്കുന്നത്. ഇന്‍ഡ്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ആഗോള സമ്പദ് വ്യവസ്ഥയില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ ബൌദ്ധികസ്വത്ത് സംരക്ഷിക്കുകയും ചെയ്യേണ്ടി വരും എന്നതാണ് വസ്തുത.

ബൌദ്ധിക സ്വത്ത് (intellectual property) സംരക്ഷണത്തിന്നായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നു: (ട്രിപ്സ് പ്രകാരം)

1) പകര്‍പ്പവകാ‍ശം അഥവാ കോപ്പിറൈറ്റ് (copyright) - ഇത് ക്രിയേറ്റിവ് കണ്ടന്റിനെ സംരക്ഷിക്കാനുള്ള സംവിധാനമാണ്‍. നിങ്ങളുടെ രചനാസംവിധാനത്തെ (creative expression) മാത്രമേ ഇത് സംരക്ഷിക്കുകയുള്ളൂ. ആശയങ്ങള്‍ക്ക് കോപ്പിറൈറ്റില്ല. ചന്ദ്രേട്ടന്റെ കണ്ടുപിടുത്തത്തെ കോപ്പിറൈറ്റ് സംരക്ഷിക്കുകയില്ലെന്ന് സാരം. ചന്ദ്രേട്ടന്റെ വാക്കുകള്‍ അതേ പടി ആരെങ്കിലും എടുത്തെഴുതിയാല്‍ കോപ്പിറൈറ്റ് സംരക്ഷണം ലഭിക്കും.

2) വാണിജ്യമുദ്ര അഥവാ ട്രേഡ്‌മാര്‍ക് (trademark)/സേവന മുദ്ര അഥവാ സര്‍വീസ് മാര്‍ക് - ഇത് ഒരു ചരക്കിനെയോ/സേവനത്തെയോ അത് നല്‍കുന്ന സ്ഥാപനത്തെയോ വ്യത്യസ്ഥമായി തിരിച്ചറിയാനുപയോഗിക്കുന്ന ശീര്‍ഷകം/മുദ്ര/നാമം/മറ്റേതെങ്കിലും സൂചകം ആണ്‍.
കണ്ടന്റിന്‍ മാത്രമല്ല, അത് ചിത്രീകരിച്ചിരിക്കുന്ന രീതിക്കും സംരക്ഷണം ലഭിക്കും.

3) പാറ്റന്റ് (patent) - ഒരു പുതിയ കണ്ടുപിടുത്തം - അത് ഒരു മാര്‍ഗ്ഗമോ (method), ഉപകരണമോ (device), ഇതു രണ്ടുമോ ആകാം; സംരക്ഷിക്കാനായി ഉപയോഗിക്കാം. മറ്റൊരാള്‍ ഈ കണ്ടുപിടുത്തം അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ ഈ സംരക്ഷണം പ്രയോഗിക്കാം.

4) വാണിജ്യരഹസ്യം അഥവാ ട്രേഡ് സീക്രട്ട് (trade secret) - അന്യര്‍ മനസ്സിലാക്കാതിരിക്കാനായി രഹസ്യമായി സൂക്ഷിക്കുന്ന വിവരം. ഇത് പുറത്തായാല്‍ സംരക്ഷണം അവസാനിക്കും. ഉദാഹരണത്തിന്‍ കൊക്കോ കോളയുടെ നിര്‍മ്മാണ രഹസ്യം.

5) സ്ഥലനാമ സൂചകം അഥവാ ജ്യോഗ്രാഫിക് ഇന്ഡികേറ്റര്‍ (GI aka Geographic Indicator) - ഇത് നാട്ടറിവുകളെ സംരക്ഷിക്കുന്നതിനായി ട്രിപ്സില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്‍. ഒരു പ്രദേശത്തിന്റെ അറിവിനെ മറ്റൊരു പ്രദേശത്ത് ഉപയോഗിക്കുന്നത് വിലക്കുന്നു. ഉദാഹരണം - ആറന്മുളക്കണ്ണാടി.

ഇനി അതവിടെ നില്‍ക്കട്ടെ. പാറ്റന്റിനെപ്പറ്റി പറയാം. പലരും കരുതുന്നത് പോലെ മഹത്തായ കണ്ടുപിടിത്തങ്ങള്‍ മാത്രമല്ല പാറ്റന്റ് ചെയ്യപ്പെടുന്നത്. ഊയലാടുന്ന വിധങ്ങള്‍ തുടങ്ങി, പുഷ്പ ക്രമീകരണവും, OR operator-ഉം ഒക്കെ പാറ്റന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ചില ഭ്രാന്തന്‍ പാറ്റന്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്‍:
http://www.freepatentsonline.com/crazy.html

അമേരിക്കയിലും മറ്റും സ്വന്തം പേരിലുള്ള പാറ്റന്റ് ഒരു പൊങ്ങച്ച മുദ്രയായി കൊണ്ട് നടക്കുന്ന ആളുകളുണ്ട്. ഇവര്‍ വന്‍ തുക മുടക്കി ഒരുപയോഗവുമില്ലാത്ത കണ്ടുപിടുത്തങ്ങള്‍ പാറ്റന്റ് ചെയ്തേക്കാം. എന്നാല്‍ പാറ്റന്റുകള്‍ എടുക്കുന്നതിന്‍ വന്‍‌കിട കമ്പനികള്‍ക്ക് പ്രധാനമായും രണ്ട് വാണിജ്യ കാരണങ്ങളുണ്ട്.

പ്രതിരോധ പാറ്റന്റ്റിങ് (defensive patenting) - എതിരാളികള്‍ തങ്ങള്ക്കെതിരെ അവരുടെ പാറ്റന്റുകള്‍ ഉപയോഗിക്കാതിരിക്കാന്‍ എടുക്കുന്ന പാറ്റന്റുകളാണിവ. ഇവ കാണിച്ച് എതിരാളിയുമായി ഒരു പരസ്പരാനുമതി ധാരണ (cross licensing agreement) ഉണ്ടാക്കിയെടുത്താല്‍ ഈ ദൌത്യം വിജയിച്ചു. ഇതിന്നായുള്ള പാറ്റന്റുകള്‍ അത്യന്താപേക്ഷിത പാറ്റന്റുകളാകില്ല. (essential patents)

റോയല്‍റ്റി പാറ്റന്റിങ് (Royalty patenting) : ഇത് കൃത്യമായും ഒരു മേഖലയില്‍ റോയല്‍റ്റി നേടണമെന്ന ഉദ്ദേശ്യത്തോടെ എടുക്കുന്ന പാറ്റന്റുകളാണ്‍. ഇവ പ്രമുഖമായും അത്യന്താപേക്ഷിത പാറ്റന്റുകളുടെ ഗണത്തില്‍ പെടും. അവയെ മറി കടന്ന് കൊണ്ട് ആ മേഖലയില്‍ എന്തെങ്കിലും ചെയ്യുക അസാധ്യമായിരിക്കും. അതു കൊണ്ട് തന്നെ ഇവ ധാരാളം വരുമാനം നേടിത്തരും. ഉദാഹരണം: ക്വാല്‍കോമിന്റ്റെ (Qualcomm: QCT) C.D.M.A പാറ്റന്റുകള്‍.

ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാറ്റന്റ് എടുക്കുന്ന കമ്പനികളും കുറവല്ല.

20 വര്‍ഷത്തേക്കാണ്‍ പാറ്റന്റ് അവകാശം സാധാരണ നല്‍കുന്നത്. ചെറിയ വ്യതിയാനങ്ങള്‍ വരുത്തി ഈ പാറ്റന്റുകള്‍ ദീര്‍ഘിപ്പിക്കുന്ന നിത്യഹരിതനം (evergreening) എന്ന പ്രവണത മിക്കവാറും രാസിക സംയുക്തങ്ങളുടെ (പ്രത്യേകിച്ച് ഔഷധങ്ങള്‍) കാര്യത്തില്‍ കാണാറുണ്ട്.

പാറ്റന്റ് എടുക്കാന്‍ കണ്ടുപിടിത്തം അസന്ദിഗ്ധമായി തെളിയിക്കേണ്ട ആവശ്യമില്ല. എന്നാല്‍ വെറും ആശയത്തിന്ന് മാത്രം പാറ്റന്റ് എടുക്കാനും പറ്റില്ല. ഗണിത അല്‍ഗോരിതങ്ങള്‍ സാധാരണ ഗതിയില്‍ പാറ്റന്റ് ചെയ്യാന്‍ അനുവദിക്കുകയില്ല. അത് ചില പ്രത്യേക രീതിയില്‍ അവതരിപ്പിച്ചാണ്‍ പലപ്പോഴും പാറ്റന്റ് നേടുന്നത്.

1) രണ്ടു തരം പാറ്റന്റുകളാണ്‍ സാധാരണ ഇഷ്യൂ ചെയ്യുന്നത്. utility patent-ഉം design patent-ഉം. പേനക്ക് ഒരു ക്യാപ് ഡിസൈന്‍ ചെയ്താല്‍ അത് design patent-ഇലൂടെ കവറ് ചെയ്യാം. എന്നാല്‍ ആ ക്യാപ്പ് ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം utility patent ആയി കവര്‍ ചെയ്യണം.

2) പാറ്റന്റ് ഇന്‌വെന്ഷന്‍ ലഭ്യമായ, അല്ലെങ്കില്‍ ആസന്ന ഭാവിയില്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. സാങ്കല്‍പ്പികവും അസാധ്യവുമായ കാര്യങ്ങള്‍ക്ക് പാറ്റന്റ് എടുക്കാന്‍ പറ്റില്ല എന്നു സാരം.

3) കണ്ടുപിടുത്തം ലഭ്യമായ ഉത്പന്നങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കാര്യമായ രീതിയില്‍ പുതുമ പുലര്‍ത്തണം. (differentiating novelty)

4) ചില രാജ്യങ്ങളില്‍ കണ്ടുപിടുത്തത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പാറ്റന്റ് ഫയല്‍ ചെയ്യുന്നതിന്‍ മുന്‍പ് പുറത്തു വിട്ടാല്‍ അത് പ്രിയര്‍ ആര്‍ട് ആയി പരിഗണിക്കപ്പെടും. അമേരിക്കയില്‍ കണ്ടുപിടുത്തം പബ്ലിഷ് ചെയ്തു ഒരു വര്‍ഷത്തിനകം അപേക്ഷിക്കാം. ഇന്ഡ്യയിലെ നിയമം പരിശോധിച്ചിട്ട് പറയാം. എന്തായാലും പാറ്റന്റ് എടുക്കേണ്ട കണ്ടുപിടുത്തം പുറത്തു വിടാതിരിക്കുന്നതാണ്‍ ബുദ്ധി.

5) പാറ്റന്റിന്‍ അപേക്ഷിക്കുന്നതിന്‍ മുന്‍പ് ചില കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.
- കണ്ടുപിടുത്തത്തിന്റെ വാണിജ്യ സാധ്യത (business value)
- ലഭ്യമായ സാങ്കേതിക വിദ്യയെ അപേക്ഷിച്ച് ഉള്ള മേന്മ (benefit)
- പുതുമ (novelty)
- തിരിച്ചറിയല്‍ സാധ്യത (detectability). ആരെങ്കിലും നിങ്ങളുടെ കണ്ടുപിടുത്തം അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ അത് കണ്ടെത്തുക എളുപ്പമാണോ?

6) ഇതുമായി ബന്ധപ്പെട്ടുള്ള പ്രിയര്‍ ആര്‍ട്ട് പാറ്റന്റ് അപേക്ഷക്കൊപ്പം കാണിക്കണം. മറ്റൊരാളുടെ കണ്ടുപിടുത്തം സ്വന്തം പേരില്‍ പാറ്റന്റ് ചെയ്യുന്നത് തടയാനാണിത്.

ബൂലോകത്തില്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുമുണ്ട്. അവര്‍ ദൈനംദിന ജോലിയില്‍ ചെയ്യുന്ന കാര്യങ്ങള്‍ പാറ്റന്റബിള്‍ ആയിരിക്കാം. ഉദാഹരണത്തിന്‍ ഒരു സോഫ്റ്റ്വേര്‍ ആര്‍കിറ്റെക്‍ചര്‍, നിങ്ങളുടെ പ്രോഗ്രാം ചെയ്യുന്ന ഒരു പുതിയ കാര്യം, മുന്‍പ് മറ്റാരെങ്കിലും ചെയ്തിട്ടുള്ള ഒരു കാര്യം വ്യത്യസ്ഥമായ ഒരു മാര്‍ഗ്ഗമുപയോഗിച്ച് ചെയ്യുക തുടങ്ങിയവ. അതോടൊപ്പം നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും ലഭ്യമായ പാറ്റന്റുകളെ ഇന്‍ഫ്രിന്‍‌ജ് ചെയ്തേക്കാം. അതു നിങ്ങളുടെ കമ്പനിയെ പണച്ചിലവുള്ള ഒരു വ്യവഹാരത്തിലേക്ക് തള്ളിയിട്ടേക്കാം. നിങ്ങളും വിശദീകരണം നല്‍കേണ്ടി വരും. അതു കൊണ്ട് പാറ്റന്റുകളെപ്പറ്റി ഏകദേശ ധാരണ ഉണ്ടാകുന്നത് നന്നായിരിക്കും. കോപ്പിറൈറ്റ് നിയമമനുസരിച്ച് ഉടമസ്ഥന്‍ ചൂണ്ടിക്കാ‍ണിച്ചാല്‍ നിയമവിരുദ്ധമായി അത് പ്രദര്‍ശിപ്പിച്ച സ്ഥാപനം അത് എടുത്ത് മാറ്റണം (DMCA). അത് ചെയ്തില്ലെങ്കിലേ നിയമ നടപടി നിലനില്‍ക്കൂ. പാറ്റന്റുകളുടെ കാര്യത്തില്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് അങ്ങനെയൊരു പാറ്റന്റിനെപ്പറ്റി അറിവില്ലെങ്കില്‍ പോലും നിയമനടപടിക്ക് വിധേയമാകേണ്ടി വരും. ലഭ്യമായ പാറ്റന്റുകള്‍ സെര്‍ച്ച് ചെയ്യാനുള്ള ചില സൈറ്റുകള്‍:

http://www.uspto.gov/patft/index.html - അമേരിക്കന്‍ പാറ്റന്റ് സൈറ്റ്
http://www.micropat.com/static/index.htm - ലോകമെമ്പാടുമുള്ള പാറ്റന്റുകള്‍ (paid site)
http://freepatentsonline.com

ഒരു പാറ്റന്റ് തയ്യാറാക്കേണ്ട വിധത്തെക്കുറിച്ച് അടുത്ത പോസ്റ്റില്‍ പ്രതിപാദിക്കാം.

Labels: ,

Monday, February 26, 2007

ലാലുവിന്റെ മുന്നില്‍ വി.എസിന്റെ കണ്ണുപൊത്തിക്കളി

മാന്യശ്രീ ലാലുപ്രസാദ് റയില്‌വേ ബജറ്റവതരിപ്പിച്ച് കഴിയുന്നതിനും മുന്നേ വി.എസിന്റെയും, വിജയകുമാറിന്റെയും, ഉമ്മന്‍ ചാണ്ടിയുടെയും പ്രസ്താവനകള്‍ വന്നു. ബജറ്റ് കേരളത്തിനനുകൂലം. എന്തെങ്കിലും വാഴക്കാ തടഞ്ഞിട്ടുണ്ടാകുമെന്ന് വിചാരിച്ച് പരിശോധിച്ചപ്പോഴോ, വാഴക്കാ പോയിട്ട് ഒരു കൂര്‍ക്ക പോലുമില്ല!

1) ഷൊര്‍ണൂര്‍ - മംഗലാപുരം പാത ഇരട്ടിപ്പിക്കാതെ കേരളത്തിന്റെ യാത്രാപ്രശ്നം തീരില്ല.
2) യാത്രാസൌകര്യമില്ലാതെ കഷ്ടപ്പെടുന്ന 10 ലക്ഷത്തോളം ബാംഗ്ലൂര്‍ മലയാളികള്‍ക്ക് പുതിയ രണ്ടു വണ്ടിയെങ്കിലും കിട്ടേണ്ടതാണ്‍. കിട്ടിയത് ഉള്ള ഒരു വണ്ടി ആഴ്ചയില്‍ മൂന്നു ദിവസമാക്കിയത്.
3) മേല്‍പ്പാലങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമായ തുകയില്ല.
4) വൈദ്യുതീകരണത്തിന്‍ ആവശ്യമായ തുകയില്ല.
5) കേരളത്തിന്റെ ചിരകാലാഭിലാഷമായ റയില്‍‌വേ സോണിനെപ്പറ്റി ഒരു പരാമര്‍ശവുമില്ല.

കിട്ടിയത് ഒരു ദാരിദ്ര്യ രഥവും, ഒരു ബോഗി നിര്‍മ്മാണ ശാലക്ക് 82 കോടിയും. 1000 കോടി രൂപയെങ്കിലും വേണ്ടി വരും ബാംഗ്ലൂരിലെ ബി.ഇ.എം.എല്‍ പോലെ ഒരു ഫാക്ടറിയുണ്ടാക്കാന്‍.

എന്നാലും നമ്മുടെ മുഖ്യനും, പ്രതിപക്ഷ നേതാവും, എം.പിമാര്ക്കും പെരുത്ത് സന്തോഷം. ഇനി ഈ കണ്‍കെട്ട് ജനങ്ങള്‍ വിശ്വസിക്കണം. ദീപിക മാത്രം ഈ വിഷയത്തിലൊരു വാര്‍ത്ത കൊടുത്തിട്ടുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്? മലയാളിയുടെ യാത്രാദുരിതം ലാലു-വേലുമാരുടെ കാരുണ്യം കാത്ത് ഇനിയും എത്ര വര്‍ഷം?

Sunday, February 18, 2007

കേരളപഠനം - ഒരാമുഖം

ശാസ്ത്രസാഹിത്യ പരിഷത്ത് എന്ത് ചെയ്യുകയാണെന്ന് അടുത്തിടെ ഒരു ബൂലോകന്‍ ചോദിക്കുകയുണ്ടായി. ആദിവാസി പ്രശ്നം തൊട്ട് കോള പ്രശ്നം വരെ പരിഷത്ത് ഇടപെടുന്നില്ല എന്നതാണ് പരാതി. അതേ സമയം സോളിഡാരിറ്റി മുതല്‍ നക്സല്‍ പ്രസ്ഥാനം വരെ സജീവമായി ഇടപെടുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും പോയി ഇടപെടുക എന്നത് ഒരു ശാസ്ത്രപ്രസ്ഥാനത്തിന്റെ കര്‍ത്തവ്യമാണോ എന്നത് അവിടെ നില്‍ക്കട്ടെ. പരിഷത്തിന്റെ പരിമിതമായ ശക്തിയും,സംഘടനയും എന്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നത് അവര്‍ തന്നെ എടുക്കേന്ട തീരുമാനമാണ്. ഈ പ്രചാരണം വ്യാപകമായ മറ്റൊരു അഭിപ്രായ നിര്‍മ്മാണ ജോലിയുടെ മാറ്റൊലിയായേ തോന്നുന്നുള്ളൂ. കേരള രാഷ്ട്രീയത്തില്‍ നിന്ന് പുറന്തള്ളപ്പെട്ട ചില ഫ്രിഞ്ജ് ഗ്രൂപ്പുകള്‍ എല്‍.ഡി.എഫിന്റെ അജന്‍ഡ നിര്‍ണ്ണയിക്കാന്‍ ചില മാധ്യമ ശക്തികളുടെ സഹായത്തോട് കൂടി ശ്രമിക്കുന്നതായി കാണാം. അങ്ങനെ അജിതയും, സി.ആര്‍.നീലകണ്ഠനും, സോളിഡാരിറ്റിയുമെല്ലാം മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളും പ്രോഗ്രാമും ഏറ്റെടുത്താല്‍ മാത്രമേ എല്‍.ഡി.എഫ് പുരോഗമനാത്മകമാകൂ എന്ന് പ്രചരിപ്പിക്കപ്പെടുന്നു. അതിനെ എതിര്‍ക്കുന്നത് വലതുപക്ഷ വാദമായി ചിത്രീകരിക്കപ്പെടുന്നു. സി.പി.ഐ പോലുള്ള ചെറു കക്ഷികളും, സി.പി.എമ്മില്‍ തന്നെയുള്ള ഒരു ചെറിയ വിഭാഗവും ഈ കെണിയില്‍ പെട്ടിട്ടുണ്ടാകാം. എന്നാല്‍ സി.പി.എമ്മും എല്‍.ഡി.എഫും നക്സലുകള്‍ക്കും,തീവ്ര വിമോചന പരിസ്ഥിതി വാദികള്‍ക്കും എന്നാണ് പുരോഗമനാത്മകമായിരുന്നിട്ടുള്ളത്? എല്‍.ഡി.എഫ് എക്കാലവും കേരള മധ്യ വര്‍ഗ്ഗ താത്പര്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് ആവര്‍ത്തിച്ചു വാദിച്ചു പോന്നത് ഇവര്‍ തന്നെയല്ലേ?. എന്നാല്‍ ദരിദ്ര ജന വിഭാഗമടക്കം ഇവരെ പുറന്തള്ളിയപ്പോള്‍ ഇതേ മൂരാച്ചി സി.പി.എമ്മിനെക്കൊണ്ട് തന്നെ തങ്ങളുടെ അജന്‍ഡ ഏറ്റെടുപ്പിച്ച് പ്രോക്സി ഭരണം നടത്താമെന്ന് ഇവരെ വ്യാമോഹിപ്പിക്കുന്നതാരാണ്?

അതവിടെ നില്‍ക്കട്ടെ. പരിഷത്ത് അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കാനുദ്ദേശിച്ചത്.കേരള ജന ജീവിതത്തിന്റെ സമസ്ത മേഖലകളെയും അടയാളപ്പെടുത്തുന്ന “കേരള പഠനം” എന്ന സമഗ്ര സര്‍വ്വെ. “കേരള പഠനം - കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു?” എന്ന പേരില്‍ ഈ പഠനം ഇപ്പോള്‍ പുസ്തക രൂപത്തില്‍ ലഭ്യമായിട്ടുണ്ട്.

ISBN: 81-88033-91-X എഡിറ്റര്‍: കെ.പി.അരവിന്ദാക്ഷന്‍, 200 പുറം, വില: 140 രൂപ.

നാളിതു വരെയുള്ള കേരള വിശകലനങ്ങളെയെല്ലാം ഗ്രസിച്ചു പോന്നിട്ടുള്ള പ്രശ്നമാണ് ആശ്രയിക്കാവുന്ന “സ്റ്റാറ്റിസ്റ്റിക്സ്”-ന്റെ അഭാവം.സെന്‍സസ് വളരെ കുറച്ചു വിവരമേ നല്‍കുന്നുള്ളൂ. അത് തന്നെ വ്യക്തിനിഷ്ഠമായ പ്രശ്നങ്ങളില്‍ ആശ്രയിക്കാവുന്ന ഒരു രേഖയല്ല. ഇത്തരുണത്തിലാണ് ശാസ്ത്രീയമായി തിരഞ്ഞെടുത്ത ഒരു സാമ്പിള്‍ പോപ്പുലേഷനില്‍ നടത്തപ്പെട്ട ഈ സര്‍വ്വേ ശ്രദ്ധേയമാകുന്നത്. ഇത്തരം സാമ്പിളുകളില്‍ നിന്നും ചോദ്യങ്ങളില്‍ നിന്നും “ബയസ്” ഒഴിവാക്കാനും ഏറെക്കുറെ കൃത്യമായ ഡാറ്റ ഉണ്ടാക്കുവാനും കഴിയും. ‌+/-2 അല്ലെങ്കില്‍ 3 ശതമാനം ആ‍യി വ്യതിയാനം ഒതുക്കി നിര്‍ത്താന്‍ കഴിയും. ഇത് ഈ സര്‍വ്വെയില്‍ സാധിച്ചിട്ടുണ്ട് എന്നത് ലഭ്യമായ സെന്‍സസ് വിവരങ്ങള്‍ ഈ സര്‍വ്വെയുടെ വിവരങ്ങളുമായി ഒത്തു പോകുന്നതില്‍ നിന്ന് വ്യക്തമാണ്. സര്‍വ്വേക്ക് അവലംബിച്ച ശാസ്ത്രീയ മാനദണ്ഠങ്ങളെക്കുറിച്ച് ഒരു അധ്യായം തുടക്കത്തില്‍ നല്‍കിയിരിക്കുന്നത് ഗണിതകുതുകികള്‍ക്ക് ഏറെ സഹായകമാണ്.

കേരളത്തിലെ 6000 കുടുംബങ്ങളെ സാമ്പിളായി സ്വീകരിച്ച് നടത്തിയ പഠനം സാമ്പത്തികം, സാമൂഹികം, ലിംഗം, മതം, സമുദായം എന്നിങ്ങനെ ഒട്ടേറെ രീതികളില്‍ സാമ്പിള്‍ ഗ്രൂപ്പിനെ തരം തിരിക്കുന്നുണ്ട്. ഉദാഹരണത്തിന് സാമ്പത്തിക ഗ്രൂപ്പുകള്‍ താഴെ പറയുന്നവയാണ്:

ഗ്രൂപ്പ് 1: അതി ദരിദ്രര്‍ (ബി.പി.എല്‍)
ഗ്രൂപ്പ് 2: താരതമ്യേന ദരിദ്രര്‍
ഗ്രൂപ്പ് 3: താഴ്ന്ന ഇടത്തരക്കാര്‍
ഗ്രൂപ്പ് 4: ഉയര്‍ന്ന ഇടത്തരക്കാര്‍

സര്‍വ്വെ പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 14.0% ഗ്രൂപ്പ് 1-ഉം, 32.2% ഗ്രൂപ്പ് 2-ഉം, 43.2% ഗ്രൂപ്പ് 3-ഉം, 10.6% ഗ്രൂപ്പ് 4-ഉം ആണ്. കേരളം ഒരു മധ്യവര്‍ഗ്ഗ സംസ്ഥാനമാണെന്ന പൊതു ധാരണയെ ഈ പഠനം ഏകദേശം സാധൂകരിക്കുന്നു. ഒപ്പം നിലനില്‍ക്കുന്ന വലിയ സാമ്പത്തിക അസമത്വത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.

വീടും പരിസരവും,
വരവും ചെലവും ആസ്തികളും,
തൊഴിലും ഉപജീവനവും,
ദാരിദ്രവും അസമത്വവും,
സാമൂഹിക ചലനാവസ്ഥ,
വിദ്യാഭ്യാസം,
ആരോഗ്യം,
സ്ത്രീകളുടെ അവസ്ഥ,
സംസ്കാരം,
നിലപാടുകള്‍

എന്നീ വിഷയങ്ങളില്‍ ആശ്രയിക്കാവുന്ന വിവരങ്ങള്‍ ഈ സര്‍വ്വേ ലഭ്യമാക്കുന്നു. ചില വിവരങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.

സര്‍വ്വേ പ്രകാരം കേരളത്തില്‍ 95% ശതമാനം പേര്‍ക്കും സ്വന്തമായ വീടുണ്ട്. സാമ്പത്തിക ഗ്രൂപ്പുകള്‍ക്കിടയില്‍ വലിയ വ്യതിയാനം കാണാനില്ല. പാര്‍പ്പിട രംഗത്തുണ്ടായ കുതിച്ചു ചാട്ടം കഴിഞ്ഞ രണ്ടു ദശകങ്ങളുടെ സംഭാവനയാണെന്ന് (ഏകദേശം 65% വീടുകള്‍) സര്‍വ്വേ വ്യക്തമാക്കുന്നു.കക്കൂസ് ഉപയോഗിക്കുന്നത് 92% കുടുംബങ്ങളാണ്. എന്നാല്‍ 50% ശതമാനത്തിലേറെ വീടുകള്‍ക്ക് തൃപ്തികരമായ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളില്ല എന്നത് വരുന്ന ദശകങ്ങളില്‍ ആസൂത്രകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു വലിയ വിഭാഗം ജനങ്ങള്‍ (കൂടുതലും ഗ്രൂപ്പ് 1,2) സുരക്ഷിതമല്ലാത്ത കുടിവെള്ളം ഉപയോഗിക്കുന്നു എന്നത് ആശങ്കാജനകമാണ്. കൊതുകുശല്യം സംസ്ഥാനമൊട്ടാകെ രൂക്ഷമാണെങ്കിലും ഫലപ്രദമായ കൊതുകു നിവാരണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ കുറവാണ്. വീടില്ലാത്തവരുടെ ശതമാനം ഏറെയും പട്ടിക വര്‍ഗ്ഗമാണെന്നതും അധികൃതരുടെ ശ്രദ്ധ ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്.

ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ളത് കൃസ്ത്യാനികള്‍ക്കും, മുന്നോക്ക ജാതിക്കാര്‍ക്കുമാണെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.കുറവ് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗത്തിനും. ഗ്രൂപ്പ് ഒന്നിന്റെ ആളോഹരി വാര്‍ഷിക വരുമാനം 5056 രൂപയാണെങ്കില്‍ ഗ്രൂപ്പ് നാലിന്റേത് 57496 രൂപയാണ്. പുറം വരുമാനം ലഭിക്കുന്ന കുടുംബങ്ങള്‍ ഏറെയും മുസ്ലിം സമുദായത്തിലാണെങ്കിലും (ഗള്‍ഫ്) അത് വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായിട്ടില്ല എന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷവും (51%) കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളാണെന്നതാണ് കാരണം. ശരാശരി കൈവശ ഭൂമി സാമ്പത്തിക ഗ്രൂപ്പനുസരിച്ച് വ്യത്യാസപ്പെടുന്നു. മതത്തെ അടിസ്ഥാനമാക്കിയാല്‍ കൃസ്ത്യാനികളാണ് കൂടുതല്‍ ഭൂമി കൈവശം വക്കുന്നത്. കര്‍ഷകര്‍ ഏറെയും ഈ വിഭാഗത്തില്‍ തന്നെ. അല്പം അത്ഭുതകരമായ കാര്യം സമുദായങ്ങളില്‍ ഏറ്റവും ആളോഹരി ഭൂമിയുള്ളത് (കടലാസിലെങ്കിലും) പട്ടിക വര്‍ഗ്ഗക്കാര്‍ക്കാണെന്നതാണ് (1.39 ഏക്കര്‍). ഇത് അവരുടെ വരുമാനത്തില്‍ പ്രതിഫലിച്ചിട്ടില്ല എന്നത് നിലനില്ക്കുന്ന ചൂഷണത്തെ സൂചിപ്പിക്കുന്നു. റേഡിയോ, ടി.വി, ഇസ്തിരിപ്പെട്ടി, മിക്സി, പാചകവാതകം എന്നിവ 50% ശതമാനത്തിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്തൃവസ്തുക്കളാണ്. എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന കുടുംബങ്ങള്‍ 4% മാത്രമാണ്. അതു തന്നെ സാമ്പത്തിക ഗ്രൂപ് 3,4 എന്നിവയില്‍ പെടുന്നവര്‍ മാത്രം. വലിയ ഒരു ഡിജിറ്റല്‍ ഡിവൈഡ്! ഗ്രൂപ്പ് 1-ന്റെ പ്രതിമാസ ചിലവ് 2385-രൂപയായിരിക്കുന്പോള്‍ ഗ്രൂപ്പ് 4-ന്റെ പ്രതിമാസ ചിലവ് 9158 രൂപയാണ്. വിവാഹ ചിലവ് കേരളീ‍യ കുടുംബങ്ങളെ വിഴുങ്ങുന്ന ഒരു വന്‍ വിപത്താണെന്ന് സര്‍വ്വെ ബോധ്യപ്പെടുത്തുന്നു. 6787 കോടി രൂപയാണ് കേരളം ഒരു വര്‍ഷം വിവാഹ ധൂര്‍ത്തിന്നായി ചിലവാക്കുന്നത്. മുസ്ലീം സമുദായമാണ് ഈയിനത്തില്‍ ഏറ്റവും തുക മുടക്കുന്നത്. മറ്റ് സമുദായങ്ങളും ഏറെ ഭിന്നമല്ല.

കേരളജനതയുടെ മൊത്തം തൊഴില്‍ പങ്കാളിത്ത നിരക്ക് 32.7% ആണ്. 53.5% പുരുഷന്മാരും, 13.1 ശതമാനം സ്ത്രീകളും.സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇന്ഡ്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. തൊഴിലാളികളില്‍ ഭൂരിഭാഗവും (52.6%) സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏറ്റവും വരുമാനമുള്ള തൊഴില്‍ ആധുനിക വൈദ്യവും(ഡോക്ടര്‍) കുറഞ്ഞ വരുമാനമുള്ള തൊഴില്‍ വീട്ടുജോലിയുമാണ്. ഗ്രൂപ്പ് 1-ല്‍ വരുന്ന വലിയ ശതമാനവും കര്‍ഷകത്തൊഴിലാളികളാണ് എന്നത് ശ്രദ്ധേയമാണ്. 18-60 വയസ്സുള്ളവരില്‍, തൊഴിലെടുക്കാന്‍ തയ്യാറുള്ളവരില്‍ തൊഴിലില്ലായ്മ 15.1 ശതമാനമാണ്. ഇത് പെരുപ്പിച്ചു കാട്ടുന്ന കണക്കുകളേക്കാള്‍ വളരെ കുറവാണ്. അതേ സമയം സമ്പന്ന രാജ്യങ്ങളുടെ 5% നിരക്കുമായി താരതമ്യപ്പെടുത്തുന്‍പോള്‍ വളരെ ഉയര്‍ന്നതുമാണ്. മൊത്തം 12.1 ലക്ഷം തൊഴിലില്ലാത്തവരാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാരുദ്യോഗം നേടിയവര്‍ ഭൂരിഭാഗവും കൃസ്ത്യന്‍, നായര്‍, ഈഴവ വിഭാഗത്തില്‍ പെടുന്നവരാണ് എന്നത് നരേന്ദ്രന്‍ കമ്മീഷന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരുദ്യോഗമുള്ളവര്‍ മൊത്തം തൊഴിലാളികളുടെ 3.1% മാത്രമാണെന്നത് ഇത് ഏറെ ആശ്രയിക്കാവുന്ന തൊഴില്‍ മേഖലയല്ലെന്ന് വ്യക്തമാക്കി തരുന്നുണ്ട്. വിദ്യാഭ്യാസ നിലവാരമനുസരിച്ച് തൊഴിലില്ലാ‍യ്മ വര്‍ദ്ധിക്കുന്നുവെന്നത് വിരോധാഭാസമാണ്. നിരക്ഷരരുടെ തൊഴിലില്ലായ്മ 6.5% ശതമാനമായിരിക്കുന്‍പോള്‍ ഹയര്‍ സെക്കന്ററി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവരില്‍ ഇത് 25-30% ആണ്. അനുയോജ്യമായ തൊഴിലുകളുടെ അഭാവം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവം, തൊഴിലെടുക്കാനുള്ള വിമുഖത എന്നിവ കാരണമായേക്കം. പ്രൊഫഷണല്‍, റ്റെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവര്‍ക്കിടക്ക് തൊഴിലില്ലായ്മ താരതമ്യേന കുറവാണ്.

മധ്യ കേരളം താരതമ്യേന സമ്പന്ന പ്രദേശമായിരിക്കുമ്പോള്‍, വടക്കന്‍ കേരളം താരതമ്യേന ദരിദ്രമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മുസ്ലിം തുടങ്ങിയ വിഭാഗങ്ങള്‍ ഏറെയും ദരിദ്ര ഗ്രൂപുകളില്‍ പെടുന്നു (1,2). കൃസ്ത്യാനികളും, മുന്നോക്ക വിഭാഗങ്ങളും താരതമ്യേന സമ്പന്നരാണ്. ഗ്രൂപ്പ് 1 മാത്രമേ വരവിനേക്കാള്‍ ചെലവ് ചെയ്യെണ്ട വിഭാഗത്തില്‍ പെടുന്നുള്ളൂ‍.ഇക്കൂട്ടര്‍ സ്ഥിരമായ സാമ്പത്തിക ബാധ്യത പേറുന്നവരാണ്.

വിദ്യാഭ്യാസവും വരുമാനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വളരെ അധികാരികമായ രേഖയാണ് ഈ പഠനം. പ്രൊഫഷണല്‍ ബിരുദമുള്ളവരുടെ ശരാശരി മാസവരുമാനം (7085 രൂപ) നിരക്ഷരരുടെ വരുമാനത്തിന്റെ (352 രൂപ) 20 ഇരട്ടിയാണ്. സാമ്പത്തിക ഗ്രൂപ്പ് രൂപീകരണത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് വിദ്യാഭ്യാസ യോഗ്യതയാണ്. ജാതി, പുറം വരുമാനം എന്നിവയുടെ സ്വാധീനം തുലോം കുറവാണ് എന്ന് കാണാം.”വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം”. ഗ്രൂപ്പ് 1,2-ല്‍ പെട്ട 10% താഴെ മാത്രമേ കോളേജ് കാണുന്നുള്ളൂ. ഗ്രൂപ്പ് 4-ലെ 36.8% വും. മുസ്ലിം, പട്ടിക ജാതി/വര്‍ഗ്ഗം എന്നീ വിഭാഗങ്ങള്‍ കോളേജ് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമാണ്. സ്വാശ്രയ കോളേജുകളെ ആശ്രയിക്കുന്ന ബഹു ഭൂരിപക്ഷവും ഗ്രൂപ്പ് 4-ല്‍ പെടുന്നു. 18 വയസ്സിന് മുകളിലുള്ള ജനങ്ങളില്‍ ബിരുദ,ബിരുദാനന്തര യോഗ്യതയുള്ളത് 11% പേര്‍ക്ക് മാത്രം. പ്രൊഫഷണല്‍ യോഗ്യതയുള്ളത് 1.5% നും. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പിന്നോക്കാവസ്ഥയാണ് ഇവിടെ തെളിയുന്നത്. 10-ആം ക്ലാസും അതില്‍ താഴെയും യോഗ്യതയുള്ളവരാണ് ബഹു ഭൂരിപക്ഷവും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊതു ഇടപെടലിന് ഇതില്‍ക്കൂടുതല്‍ ന്യായീകരണം ആവശ്യമുണ്ടോ? ഇനിയും ഏറെ പുരോഗതി കൈവരിക്കേണ്ടിയിരിക്കുന്നു ഈ രംഗം.

സ്കൂള്‍ വിദ്യാര്‍ഥികളില്‍ 80% ശതമാനവും സര്‍ക്കാര്‍, എയ്ഡഡ് മേഖലയെ ആശ്രയിക്കുമ്പോള്‍ 20% മാത്രമാണ് അണ്‍ എയ്ഡഡ് മേഖലയെ ആശ്രയിക്കുന്നത്. അതില്‍ത്തന്നെ ഭൂരിഭാഗവും ഗ്രൂപ്പ് 4-ല്‍ പെട്ട വിദ്യാര്‍ത്ഥികളാണ്. 82% പേര്‍ കേരള സിലബസില്‍ പഠനം നടത്തുന്നു. മാതൃഭാഷയില്‍ അധ്യയനം നടത്തുന്നവര്‍ 70% ആണ്. ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഗ്രൂപ്പ് 4-ല്‍ പെടുന്നു. കൃസ്ത്യാനികളും മുന്നോക്ക ജാതികളും കൂടുതലായി ഇംഗ്ലീഷ് തിരഞ്ഞെടുക്കുന്നു.കൂടുതല്‍ ജനങ്ങളും (72%) മാതൃഭാഷയില്‍ അധ്യയനം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാണ്. 49% രക്ഷിതാക്കളും കുട്ടികളെ പ്രൊഫഷണല്‍ പഠനത്തിനയക്കാന്‍ താത്പര്യപ്പെടുന്നു. ഒരു ന്യൂനപക്ഷം മാത്രമേ സ്വാശ്രയ കോളേജുകളില്‍ അയക്കാന്‍ തയ്യാറുള്ളൂ. 82% പേരും സ്വാശ്രയ കോളേജുകളെ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. സാമ്പത്തികം തന്നെയാണ് പ്രധാന കാരണം. കേരളത്തിലെ സ്വാശ്രയ രംഗത്തെ ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് നന്നായിരിക്കും.

കേരളത്തിന്റെ മൊത്തം രോഗാതുരത ക്രമമായി കുറഞ്ഞു വരുന്നതായി സര്‍വ്വെ സൂചിപ്പിക്കുന്നു. ഗ്രൂപ്പ് 1-ല്‍ പെട്ട ഒരു കുടുംബം മൊത്തം വരുമാനത്തിന്റെ 32% ചികിത്സക്കായി ചിലവാക്കുമ്പോള്‍ ഗ്രൂപ്പ് 4-ല്‍ പെട്ട കുടുംബം 10% ആണ് ചിലവഴിക്കുന്നത്. 2800 കോടി രൂപയോളം മലയാളികള്‍ ഒരു വര്‍ഷം ചികിത്സക്കായി ചിലവാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 50% ശതമാനത്തോളം ജനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നു. പ്രത്യേകിച്ചും ഗ്രുപ്പ് 1,2 എന്നീ വിഭാഗക്കാര്‍.ആശുപത്രികളിലെ കിടത്തി ചികിത്സാ ചിലവ് ഭീമമാണെന്ന് സര്‍വ്വെ പറയുന്നു. ഒരൊറ്റ പ്രാവശ്യത്തേക്ക് ശരാശരി 10,000 രൂപ! പൊതു ആരോഗ്യസംവിധാനവും, ആരോഗ്യ ഇന്‍ഷ്വറന്‍സും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അഖിലേന്ത്യാ നിരക്കിലും കുറവ്. ഏറ്റവും കുറഞ്ഞ തൊഴില്‍ പങ്കാളിത്തം (7.1%) മുസ്ലിം സമുദായത്തിലാണ് എന്നത് യാദൃശ്ഛികമല്ല. സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വിദ്യാഭ്യാസ നിലവാരത്തില്‍ കാര്യമായ അന്തരമില്ല. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം നേടിയവരില്‍ സ്ത്രീകല്‍ 50% ത്തിലും അധികമാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ 35% ത്തില്‍ താഴെയും. തൊഴിലന്വേഷകര്‍ ഈ വിഭാഗത്തില്‍ കുറവാണെന്നുള്ളതില്‍ നിന്ന് തൊഴിലില്ലായ്മയല്ല സാമൂഹ്യസാഹചര്യങ്ങളാണ് സ്ത്രീയെ വീട്ടുപകരണമാ‍ക്കി മാറ്റുന്നതെന്ന് വ്യക്തമാണ്. കുടുംബത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് സ്ത്രീയും പുരുഷനും യോജിച്ചാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളില്‍ 62%-ഉം പൊതുസ്ഥലത്തെ ശല്യപ്പെടുത്തല്‍ അനുഭവിക്കുന്നതായി രേഖപ്പെടുത്തിയത് കേരളത്തിന്റെ ലൈംഗിക പരിതോവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ചില രസകരമായ കണക്കുകള്‍ ഉദ്ധരിച്ചാല്‍ കേരളീയര്‍ കൂടുതലും പുട്ട്, ദോശ, കഞ്ഞി എന്നീ പ്രഭാത ഭക്ഷണങ്ങളാണ് ഉപയോഗിക്കുന്നത്. കഞ്ഞി കഴിക്കുന്നത് കൂടുതലും താരതമ്യേന സമ്പന്നരായ കൃസ്ത്യന്‍ വിഭാഗമാണെന്നത് ഈ വിഭാഗത്തിന്റെ കാര്‍ഷിക ജീവനത്തെ സംബന്ധിക്കുന്നതാവാം. 60% -ലേറെ കുടുംബങ്ങള്‍ ദിവസവും മത്സ്യം ഉപയോഗിക്കുന്നവരാണ് എന്നത് ഭക്ഷണ പിരമിഡില്‍ മത്സ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മുണ്ട് വേഷമായി സ്വീകരിച്ചവര്‍ പുരുഷന്മാരില്‍ 75%-ലേറെയാണ്. സ്ത്രീകളുടെ പ്രധാന വസ്ത്രം സാരിയാണ്. എന്നാല്‍ മുസ്ലിം സ്ത്രീകളുടെ പര്‍ദ്ദ ഉപയോഗം മുന്‍‌തലമുറയില്‍ നിന്ന് ചെറുപ്പക്കാരിലെത്തുമ്പോള്‍ 3 ഇരട്ടി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്ക്കുന്നു. ഇവരുടെ തൊഴില്‍ പങ്കാളിത്തവുമായി ഇതിനെ കൂട്ടി വായിച്ചാല്‍ മുസ്ലിം സ്ത്രീ അനുഭവിക്കുന്ന പരിതോവസ്ഥ മനസ്സിലാക്കാം. കോളേജ് വിദ്യാര്‍ഥികളുടെ പ്രധാന വേഷം പാന്റ്റും,ചുരിദാറും തന്നെ. പത്രങ്ങള്‍ 48.2% പേരിലെത്തുമ്പോള്‍ റ്റി.വി കാണുന്നവര്‍ 61% ആണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ മൊത്തം ജനതയുടെ 2% മാത്രം!. 65% പേരിലെത്തുന്ന റേഡിയോ ആണ് ഇപ്പോഴും ജനപ്രിയ മാധ്യമം. 93.2% പേരും മലയാളം റ്റി.വി. ചാനലുകള്‍ കാണാന്‍ ഇഷ്ട്പ്പെടുന്നവരാണ്. വാര്‍ത്തയും സീരിയലുമാണ് ജനപ്രിയ പരിപാടികള്‍. 24% പേരാണ് സ്ഥിരം സിനിമാ പ്രേക്ഷകര്‍. പുസ്തകങ്ങള്‍ വാങ്ങുന്നത് 28% പേരാണ്. ഗ്രൂപ്പ് 1-ല്‍ 12% ഉം ഗ്രൂപ്പ് 4-ല്‍ 51% ഉം. വിജ്ഞാനത്തിന്റെ വിതരണത്തിലെ അസമത്വം വ്യക്തമാണല്ലോ.

രാഷ്ട്രീയ സാമൂഹിക നിലപാടുകളെക്കുറിച്ച് ആശാവഹമായ ചിത്രമാണ് സര്‍വ്വെ നല്‍കുന്നത്. ഒരു ചെറിയ ശതമാനമേ (<10%) മത-ജാതി അടിസ്ഥാനത്തില്‍ സംഘടിക്കാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. ഇവരില്‍ കൂടുതല്‍ പേരും ബി.ജെ.പി യോട് വിധേയത്വം പുലര്‍ത്തുന്നവരോ ചില മുസ്ലിം ഗ്രൂപ്പുകളുടെ അനുയായികളോ ആണ്. പോലീസും കോടതിയും അഴിമതി കൂടുതലുള്ള സംവിധാനങ്ങളാണെന്ന് 75% പേര്‍ കരുതുന്നു. 25% ശതമാനം പേര്‍ കഴിഞ്ഞ കൊല്ലം ഏതെങ്കിലും കാര്യത്തിന് കൈക്കൂലി നല്‍കിയിട്ടുണ്ട് എന്നത് അഴിമതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. ജനകീയാസൂത്രണത്തെ കുറിച്ച് ജനങ്ങള്‍ക്ക് പൊതുവിലും, ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും അനുകൂല നിലപാടാണുള്ളത്. പങ്കാളിത്ത ജനാധിപത്യ മാതൃകയുടെ വിജയമായി ഇതിനെ കണക്കാക്കാം. മുസ്ലീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലായി യു.ഡി.എഫിനെ പിന്തുണക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ പിന്തുണ ഹിന്ദുക്കളില്‍, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. 70% ജനങ്ങളും സ്ഥിരമായി ഒരേ കക്ഷിക്ക് വോട്ട് ചെയ്യുന്നവരാണ്. പൊതു സേവനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്നു.

രസകരമായ മറ്റൊരു വിവരം കേരളീയരുടെ അന്ധവിശ്വാസങ്ങളോടുള്ള ആഭിമുഖ്യമാണ്. ഇത് സാമ്പത്തികം, രാഷ്ട്രീയം എന്നിവക്കുപരി ജാതി, മതം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഹിന്ദുക്കളില്‍ 60% ജാതകം നോക്കുന്നവരാണ്. മുന്നോക്ക ജാതിക്കാര്‍ ഇക്കാര്യത്തില്‍ അല്പം മുമ്പിലാണെന്നു മാത്രം. മന്ത്രവാദത്തില്‍ വിശ്വസിക്കുന്നരില്‍ മുസ്ലിങ്ങളാണ് മുന്‍പില്‍. 12% ലേറെ മുസ്ലിങ്ങള്‍ മന്ത്രവാദത്തെ ആശ്രയിക്കുന്നു. പട്ടികവര്‍ഗ്ഗക്കാരും മന്ത്രവാദത്തോട് കൂടുതല്‍ ആഭിമുഖ്യമുള്ളവരാണ്. രോഗശാന്തി ശുശ്രൂഷയില്‍ വിശ്വസിക്കുന്ന കൃസ്ത്യാനികള്‍ 36% -ലേറെയാണ്. പോട്ടക്ക് സ്തുതി.

കേരള പഠനം ഒരു പക്ഷേ കേരളീയരെപ്പറ്റി നടത്തപ്പെട്ട ഏറ്റവും ആധികാരികമായ രേഖയാണ്. ആസൂത്രകര്‍ക്കും കേരളത്തെപ്പറ്റി ചിന്തിക്കുന്നവര്‍ക്കും ഈ പഠനം ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തിലുള്ള പഠനങ്ങള്‍ വര്‍ഷം തോറും നടത്തുന്നത് ആസൂത്രണത്തെ ഫലവത്താക്കാന്‍ സഹായിക്കും. സെന്‍സസ് ഇക്കാര്യത്തില്‍ കാര്യമായ സഹായം ചെയ്യാത്ത സാഹചര്യത്തില്‍. ഈ പഠനത്തില്‍ നിന്ന് വളരെയേറെ അനുമാനങ്ങളും കണ്ടെത്തലുകളും ഉണ്ടായേക്കാം. എന്നാല്‍ അത്തരത്തിലുള്ള കണ്‍ക്ലൂഷനുകള്‍ പരിഷത്ത് ഈ പഠനത്തില്‍ മുന്നോട്ട് വക്കുന്നില്ല. അത് ഒരു തുടര്‍ പ്രക്രിയയായി നടത്താവുന്നതാണ്. ഇനിയുള്ള വര്‍ഷങ്ങളിലും ഇത്തരം ഡാറ്റ സംഭരിച്ചാലേ ഇത് ഒരു സ്ഥായിയായ മാനദണ്ഠമായി ഉപയോഗപ്പെടുത്താന്‍ പറ്റൂ, അതിന് പരിഷത്തും ആസൂത്രണ ബോര്‍ഡും മുന്‍‌കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം.

പരിഷത്തിന് ഏറെ പരാധീനതകളുണ്ട്. കേരളീയരുടെ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്നുള്ള ഉള്‍വലിയല്‍ അതിലേറ്റവും പ്രധാനപ്പെട്ടതാണ്. വ്യക്തിവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ സക്രിയമാക്കുക എന്ന വെല്ലുവിളിയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്. അതിന് ജനത ഒന്നടങ്കം രാഷ്ട്രീയമായും സാമൂഹികമായും ഉണരുകയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്യേണ്ടതാണ്. പങ്കാളിത്ത ജനാധിപത്യവും, കുടുംബശ്രീയുമെല്ലാം ഈ രംഗത്ത് മികച്ച മാതൃകകളാണ്. ജനങ്ങളില്‍ രൂഢമൂലമായ അലസതയും, തന്‍‌കാര്യ സംരക്ഷണവും ഒഴിവാക്കി വര്‍ഗ്ഗ സഹകരണത്തിന്റെ വഴികള്‍ തേടുകയാണ് കേരളത്തിന് കരണീയം. തീവ്ര പരിസ്ഥിതി വിമോചന വാദങ്ങളില്‍ കുടുങ്ങി ഇടതുപക്ഷ വ്യതിയാനങ്ങളിലേക്ക് സഞ്ചരിക്കുന്നത് സമൂഹത്തിന് ഗുണകരമാവില്ല. ഇത് മാധ്യമങ്ങളും ജനങ്ങളും മനസ്സിലാക്കിയാല്‍ നന്ന്.

ഈ പഠനം കേരളീയര്‍ക്ക് കാഴ്ച വച്ച പരിഷത്തിന് അഭിവാദനങ്ങള്‍!

Monday, February 12, 2007

മാതൃഭൂമി തമസ്കരിക്കുന്നത്

ഈയിടെയായി കേരളദിനപത്രങ്ങള്‍ രണ്ട് ചേരികളിലായി നിലയുറപ്പിച്ചിരിക്കുന്നു. വി.എസ് അനുകൂലവും സി.പി.എം ഔദ്യോഗിക പക്ഷ അനുകൂലവും. വ്യക്തമായ പ്രത്യയശാസ്ത്ര വീക്ഷണമില്ലാതെയുള്ള ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ഈ ധ്രുവീകരണം പാര്‍ട്ടിയെ സഹായിക്കാനാണോ എന്നത് സംശയാസ്പദം തന്നെ. എന്നാല്‍ ഇക്കൂട്ടത്തില്‍ പരസ്യമായി വി.എസ്. പക്ഷം പിടിക്കുന്ന മാതൃഭൂമി എന്ന ദിനപത്രം മുന്നോട്ട് വെക്കുന്ന വാര്‍ത്താതമസ്കരണം എന്ന വിപത്തിനെക്കുറിച്ചാണ് ഈ കുറിപ്പ്. ഏകദേശം 11 ലക്ഷം സര്‍ക്കുലേഷനുള്ള, കേരളത്തിലെ രണ്ടാമത്തെ വലിയ പത്രം ഒരു വാര്‍ത്ത കൊടുത്തില്ലെങ്കില്‍ അത് പലരുടെയും ശ്രദ്ധയില്‍ പെടുകയില്ല എന്നത് സത്യമാണ്. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വ്യക്തികളോടോ ആശയങ്ങളോടോ പ്രതിബദ്ധതയാവാം. അതു വാര്‍ത്തയിലും എഡിറ്റോറിയലിലും പ്രതിഫലിക്കുകയുമാവാം. എന്നാല്‍ മറ്റ് പത്രങ്ങള്‍ക്ക് പ്രധാന വാര്‍ത്തയാകുന്നത് പലതും മാതൃഭൂമിയില്‍ അപ്രത്യക്ഷമാകുമ്പോള്‍ വാര്‍ത്താതമസ്കരണത്തിന് മാധ്യമങ്ങള്‍ക്കവകാശമുണ്ടോ എന്ന നൈതിക പ്രശ്നം പ്രത്യക്ഷമാകുന്നു.

ഉദാഹരണത്തിന് ഇന്നത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും പിണറായി വിജയനുമായി ഒരു പത്രം നടത്തിയ അഭിമുഖം നിറഞ്ഞു നില്‍ക്കുന്നു. അതില്‍ വി.എസി.ന്റെ മകന്റെ ശബരിമല പര്യടനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ മാത്രുഭുമിക്ക് മാത്രം അത് വാര്‍ത്തയേയല്ല. അല്പം മുന്‍പ് കോടിയേരിയുടെ കുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തി എന്ന് വെണ്ടക്കാ അച്ച് നിരത്തിയ ഈ പത്രം, അങ്ങനെയുണ്ടായിട്ടില്ലെന്ന് കോടിയേരി ശക്തമായി നിഷേധിക്കുകയും, നടത്തിയ ആള്‍ തന്നെ രംഗത്ത് വരികയും ചെയ്തപ്പോള്‍ ഒരു തിരുത്തു പോലും കൊടുക്കാതെ തടി തപ്പുകയായിരുന്നു. ഇപ്പോള്‍ ചില പത്രക്കാര്‍ കോടിയേരിയുടെ ഭാര്യയുടെ പേരുള്ള ആരെങ്കിലും ഏറ്റെങ്കിലും ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ എന്ന് തപ്പി നോക്കുകയാണ്. ഇതാണോ പത്ര പ്രവര്‍ത്തനം. വി.എസിന്റെ മകള്‍ക്ക് രാജീവ് ഗാന്ധി സെന്ററില്‍ ജോലി ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദവും ഈ പത്രം പ്രസിദ്ധീകരിച്ചില്ല. എത്‌നോ ഫാര്‍മക്കോളജി എന്ന മാനവീയ വിഷയത്തിലുള്ള ഡോക്റ്ററേറ്റ് ബയോ റ്റെക്നോളജിയുമായി ബന്ധമില്ലാത്തതാണെന്ന് ഈ പത്രക്കാര്‍ക്കറിയില്ലെങ്കിലും ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈയുള്ളവനറിയാം. ഏറി വന്നാല്‍ മരുന്നു ഗവേഷണത്തിന്റെ മാനുഷീക വശങ്ങളെക്കുറിച്ച് പഠനം നടത്താനേ ഇവര്‍ക്കു കഴിയൂ. ബയോ റ്റെക്നോളജി ഇന്‍സ്റ്റിറ്റ്യ്യൂട്ടിന് ഇത് ആവശ്യമുണ്ടാകാം. എന്നാല്‍ ഇതൊരു കോര്‍ റിസര്‍ച്ച് ഏരിയ അല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും. ഏറ്റവുമൊടുവില്‍ വി.എസ് അഴിമതിയാരോപണമുയര്‍ന്ന ചീഫ് ജസ്റ്റീസിന്റെ നിയമനത്തെ പിന്താങ്ങിയ കാര്യവും ഈ പത്രം തമസ്കരിച്ചു.

ഈയിടെ നടന്ന കോടതി അഴിമതി വിവാദത്തില്‍ സ്വന്തം തടി കേടാക്കാതിരിക്കാനായി മാധ്യമങ്ങള്‍ മൌനം പാലിച്ചു. ഫലം, ജനത്തിന്റെ അവിശ്വാസം തുറന്ന് പറഞ്ഞ പാലൊളി രക്തസാക്ഷിയായി. മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മക്കളെ കേരളത്തില്‍പ്പോലും വരാനനുവദിക്കാത്ത, കേരളത്തില്‍ പഞ്ചായത്തുകള്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, അഴിമതി പുരളാത്ത പാലൊളി എന്ന മന്ത്രിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുവാനുള്ള യോഗ്യത ഈ പത്രങ്ങള്‍ക്കില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.

വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കലാണ് തമസ്കരിക്കലല്ല പത്ര ധര്‍മ്മമെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ്. വാര്‍ത്തകള്‍ക്ക് പക്ഷമുണ്ടാകാം. എന്നാല്‍ ആ പക്ഷം ശ്രദ്ധേയമാകുന്നത് മറുപക്ഷത്തിന് പറയാനുള്ളത് കൂടി പ്രസിദ്ധീകരിക്കുമ്പോഴാണ്. വാര്‍ത്തകള്‍ തമസ്കരിക്കുന്നത് വഴി മാതൃഭൂമി സ്വന്തം വിശ്വാസ്യതയുടെ കടക്കല്‍ തന്നെയാണ് കത്തി വക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ.